കോടതിയിൽ 'ജയിച്ച' രാഹുലിനെതിരെ പാർലമെൻറിൽ കൂട്ട ആക്രമണത്തിന് ഒരുങ്ങി ബി.ജെ.പി
text_fieldsന്യൂഡൽഹി: അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിനു പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ പ്രചാരണത്തിനൊരുങ്ങി ബി.ജെ.പി. സുപ്രീംകോടതി വിധിയെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു. എന്നാൽ
രാംലീല മൈതാനം മുതൽ രാജ്യത്തുടനീളവും ലണ്ടനിലും അമേരിക്കയിലും വരെ കോടതിയെ അവഹേളിക്കുന്ന തരത്തിൽ അഭിപ്രായപ്രകടനം നടത്തിയ രാഹുൽ ഗാന്ധി സുപ്രീം കോടതിയെ കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നാണ് ഞങ്ങളുടെ ചോദ്യമെന്നും ബി.ജെ.പി വ്യക്തമാക്കി.
ജുഡീഷ്യറിയുടെയും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളുടെയും സ്വാതന്ത്ര്യത്തെക്കുറിച്ചും ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ചും തുടർച്ചയായി അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയ രാഹുൽ ഇപ്പോൾ സുപ്രീംകോടതിയെ കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നറിയാൻ അത്യന്തം ആകാംക്ഷയുണ്ട്. രാഹുൽ ഗാന്ധിയുടെ ഈ ഇരട്ടത്താപ്പിനെതിരെയാണ് ബി.ജെ.പി പ്രതികരിക്കുന്നത്. കോടതി നിങ്ങളെ ശിക്ഷിക്കുമ്പോൾ അതിനെ താങ്കൾ പുഛിച്ച് സംസാരിക്കും. എന്നാൽ കോടതി ശിക്ഷ വിധ സ്റ്റേ ചെയ്യുമ്പോൾ താങ്കൾ പറയും സത്യം ജയിച്ചുവെന്നും നീതി പുലർന്നുവെന്നും. ഇത് ഇരട്ടത്താപ്പ് അല്ലെങ്കിൽ പിന്നെ എന്താണെന്നും മുതിർന്ന ബി.ജെ.പി നേതാവ് ചോദിച്ചു.
പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങിയതു മുതൽ ഇരുസഭകളിലും രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വളഞ്ഞിട്ടാക്രമിക്കുന്ന സമീപനമായിരുന്നു ബി.ജെ.പിയുടെത്. സുപ്രീംകോടതി വിധിയോടെ രാഹുലിന്റെ ലോക്സഭ അംഗത്വം പുനഃസ്ഥാപിച്ചു കിട്ടാൻ സാധ്യത ഏറെയാണ്. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം സമർപ്പിച്ച അവിശ്വാസപ്രമേയത്തിൻമേലുള്ള ചർച്ച. ചർച്ചയിൽ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള ബി.ജെ.പി എം.പിമാർ പാർട്ടിയെ അനുകൂലിക്കും. അടുത്തു തന്നെ തെരഞ്ഞെടുപ്പു നടക്കാൻ സാധ്യതയുള്ള രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ബി.ജെ.പി എം.പിമാരും മന്ത്രിമാരും ഇക്കൂട്ടത്തിലുണ്ട്.
അവിശ്വാസ പ്രമേയ ചർച്ചയിൽ ബി.ജെ.പിയെ അനുകൂലിക്കുന്ന എം.പിമാർ പഴയ പരാമർശങ്ങൾ മുതലെടുത്ത് രാഹുൽ ഗാന്ധിയെ പാർലമെന്റിൽ ആക്രമിക്കാനും കൂടിയുള്ള തയാറെടുപ്പിലാണ്. രാഹുലിനെ മാത്രമല്ല, രാജസ്ഥാനിലും ഛത്തീസ്ഗഢിലും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെയുണ്ടായ അക്രമങ്ങളും ബിഹാറിലെ സാഹചര്യങ്ങളും കെജ്രിവാളിന്റെ അഴിമതിക്കഥകളും പാർലമെന്റിൽ ബി.ജെ.പി എം.പിമാർ ഉയർത്തിക്കാട്ടും. പ്രതിപക്ഷസഖ്യമായ ഇൻഡ്യയെയും വെറുതെ വിടാൻ ബി.ജെ.പി ഉദ്ദേശിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.