തപാൽ വോട്ടിലെ കൃത്രിമം :വിരൽചൂണ്ടുന്നത് ഗുരുതര നിയമ, മനുഷ്യാവകാശലംഘനങ്ങളിലേക്ക്
text_fields
തിരുവനന്തപുരം: പൊലീസുകാർ അറിയാതെ അവരുടെ പേരുകളിൽ ബാലറ്റുകൾ വാങ്ങി... ചിലരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അനുകൂലമാക്കി... പുറത്തുവരുന്നത് പൊലീസ് സേനയിലെ പോസ്റ്റൽവോട്ട് ‘തട്ടിപ്പിെൻറ’ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സംസ്ഥാനത്തെ 55,000 ത്തോളം പൊലീസുകാരിൽ 90 ശതമാനത്തിലധികവും പോസ്റ്റൽവോട്ട് രേഖപ്പെടുത്തുന്നവരാണ്. ആ സാഹചര്യം പൊലീസ് അസോസിയേഷെൻറ നേതൃത്വത്തിൽ പരമാവധി മുതലാക്കിയെന്ന ആരോപണങ്ങൾ ശരിെവക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തുന്നത്. എന്നാൽ, അസോസിയേഷൻ ഭാരവാഹികൾ ഇക്കാര്യം പൂർണമായും നിഷേധിക്കുന്നു. പൊലീസുകാരുടെ സർവിസ് വോട്ടുകളിൽ കൃത്രിമം നടന്നെന്ന ആരോപണം ചെന്നെത്തുന്നത് ഗുരുതര നിയമ, മനുഷ്യാവകാശ ലംഘനങ്ങളിലേക്കാണ്.
തപാൽ ബാലറ്റ് പൊലീസുകാരുടെ വീട്ടിലേക്ക് എത്തുന്ന കീഴ്വഴക്കം അപ്പാടെ അട്ടിമറിക്കുകയായിരുന്നു ഇത്തവണ. പൊലീസുകാരുടെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള ഡി.ജി.പിയുടെ വിചിത്രമായ ഉത്തരവും അസോസിയേഷന് ഗുണകരമായി. അപേക്ഷയിൽ ജോലി ചെയ്യുന്ന യൂനിറ്റിെൻറ വിലാസം രേഖപ്പെടുത്തിയാൽ മതിയെന്ന് അസോസിയേഷൻ നിലപാടെടുത്തു. ഇതിെൻറ അടിസ്ഥാനത്തിൽ ഭൂരിപക്ഷം പൊലീസുകാരും അവർ ജോലി ചെയ്യുന്ന യൂനിറ്റിെൻറ വിലാസമാണ് നൽകിയത്. ഈ വിലാസങ്ങളിലേക്കെത്തിയ പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെ അസോസിയേഷൻ നേതാക്കൾ കൈപ്പറ്റിയത്രെ. തങ്ങൾക്ക് അനുകൂലമായി ചെയ്യില്ലെന്ന് ബോധ്യപ്പെട്ട ബാലറ്റുകൾ തിരിച്ചയച്ചതായും നശിപ്പിച്ചതായും പറയപ്പെടുന്നു.
പൊലീസ് അക്കാദമി, ബറ്റാലിയനുകൾ എന്നിവയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തപാൽ ബാലറ്റുകൾ കൈവശപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ഉണ്ടായി. ഡെപ്യൂട്ടേഷനിലുള്ള ഭൂരിഭാഗം പേരും സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം ആഗ്രഹിക്കുന്നവരാണ്. ഇങ്ങനെയുള്ളവരെയെല്ലാം അസോസിയേഷൻ ഭാരവാഹികൾ ഫോണിൽ വിളിച്ച് പ്രലോഭിപ്പിച്ചതായി അറിയുന്നു. പല പൊലീസുകാരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ശേഖരിച്ച് അവരറിയാതെ പോസ്റ്റൽ ബാലറ്റിന് അസോസിയേഷൻ നേതാക്കൾ അപേക്ഷ നൽകിയതായും ആക്ഷേപമുയർന്നു. വോട്ടർ ഐഡി കാർഡിലെ നമ്പർ കൊടുത്താൽ ബൂത്ത് നമ്പറും ക്രമനമ്പറും വെബ്സൈറ്റിൽനിന്ന് കിട്ടും. ഫോറം 12ൽ പൊലീസുകാരുടെ പേരുവിവരങ്ങൾക്കൊപ്പം ഈ നമ്പറുകൾകൂടി നൽകിയാലേ െതരഞ്ഞെടുപ്പുവിഭാഗം തപാൽ ബാലറ്റ് അയക്കൂ. പൊലീസുകാർ അറിയാതെ ഇൗ രീതിയിലും ബാലറ്റ് കൈപ്പറ്റിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.