വിദ്വേഷ പ്രചാരണത്തിന് പുനീത് രാജ്കുമാറിനെ കരുവാക്കി പോസ്റ്റ് കാർഡ് ന്യൂസ്
text_fieldsബംഗളൂരു: അന്തരിച്ച യുവനടൻ പുനീത് രാജ്കുമാറിനെ മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണത്തിന് കരുവാക്കി പോസ്റ്റ് കാർഡ് ന്യൂസ്.
കള്ളവാർത്തകളുടെയും വർഗീയ വിദ്വേഷ വാർത്തകളുടെയും പേരിൽ നിയമനടപടി നേരിട്ട ഹിന്ദുത്വ അനുകൂല ഓൺലൈൻ മാധ്യമംകൂടിയാണ് മഹേഷ് ഹെഗ്ഡെ എഡിറ്ററായ പോസ്റ്റ് കാർഡ് ന്യൂസ്. സാൻഡൽവുഡ് സൂപ്പർ സ്റ്റാറായിരുന്ന പുനീതിന്റെ ജന്മദിനം വ്യാഴാഴ്ചയായിരുന്നു. ഈ ദിവസമാണ് അദ്ദേഹത്തിന്റെ അവസാന ചിത്രമായ 'ജെയിംസ്' തിയറ്ററുകളിലെത്തിയത്.
എന്നാൽ, ശിരോവസ്ത്രവുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതിയുടെ വിധിക്കെതിരെ പ്രതിഷേധവുമായി മുസ്ലിംകൾ ബന്ദ് വ്യാഴാഴ്ച ആചരിച്ചിരുന്നു. സിനിമയുടെ റിലീസിങ്ങും ബന്ദ് ദിനാചരണവും ആകസ്മികമായി ഒരു ദിവസത്തിലായതിനെയാണ് പോസ്റ്റ് കാർഡ് ന്യൂസ് വർഗീയമായി ചിത്രീകരിച്ചത്.
ചിത്രത്തിന്റെ റിലീസിങ്ങിന്റെയും ബന്ദിന്റെയും ചിത്രങ്ങൾ പ്രസിദ്ധീകരിച്ച ഓൺലൈൻ പോർട്ടൽ, 'ശാന്തിയുടെ അംബാസഡറായിരുന്ന പുനീതിനെ അപമാനിക്കുന്നതാണിത്.
പുനീതിന്റെ ജന്മദിനത്തിൽതന്നെ എന്തുകൊണ്ടാണ് മുസ്ലിംകൾ കർണാടക ബന്ദ് തിരഞ്ഞെടുത്തത്? ഇതുവഴി കന്നഡ മണ്ണിനെയാണ് മുസ്ലിംകൾ അപമാനിച്ചത്' എന്ന് പോസ്റ്റ് ചെയ്തു. എന്നാൽ, രണ്ട് വ്യത്യസ്ത സംഭവങ്ങളെ കൂട്ടിച്ചേർത്ത് വർഗീയ വിദ്വേഷം പരത്താൻ നടത്തിയ ശ്രമത്തെ സമൂഹമാധ്യമങ്ങളിൽ പലരും എതിർത്തു. പുനീതിനോട് സ്നേഹമുണ്ടെങ്കിൽ ബി.ജെ.പി പ്രൊപഗണ്ടയായ 'കശ്മീർ ഫയൽസ്' സിനിമക്ക് കർണാടക സർക്കാർ നികുതി ഒഴിവാക്കിയതുപോലെ 'ജെയിംസ്' സിനിമക്കും നികുതി ഒഴിവാക്കുമോ എന്ന് ചിലർ കമന്റ് ചെയ്തു. മഹാനായ നടൻ രാജ്കുമാറിന്റെ കുടുംബത്തിന്റെ പേരിൽ വർഗീയ വിദ്വേഷം പരത്തരുതെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.