ഈ പാതയോരത്തുണ്ട്, ഗുജറാത്ത് കലാപത്തിന്റെ പോസ്റ്റർ ബോയ്; ആ ചിത്രം പോസ് ചെയ്യിപ്പിച്ചെടുത്തത്
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് വംശഹത്യക്ക് ഇരുപതാണ്ട് പിന്നിടുമ്പോഴും ഷാപുരിലെ വഴിയോരത്തിരുന്ന് ചെരിപ്പുകളുടെ കേടുപാട് തീർക്കുകയാണ് കലാപത്തിന്റെ പോസ്റ്റർ ബോയ് ആയിരുന്ന അശോക് പരമാർ. കലാപത്തിന് ആഹ്വാനം ചെയ്തവരും ചുക്കാൻ പിടിച്ചവരുമെല്ലാം ചോരയിൽ ചവിട്ടി അധികാരത്തിന്റെ പടി കയറിപ്പോയപ്പോൾ ഈ ദലിതന്റെ ജീവിതത്തിന് മാറ്റങ്ങളൊന്നുമുണ്ടായില്ല. വീടില്ല, വീട്ടുകാരില്ല. അടുത്തുള്ളൊരു സ്കൂളിലാണ് രാപാർപ്പ്. ചെരിപ്പ് നന്നാക്കി കിട്ടുന്ന പണം കൊണ്ട് അന്നന്നത്തേക്കുള്ള അന്നം കഴിച്ചുപോകുന്നു.
ഇരുമ്പു ദണ്ഡുമേന്തി കലാപത്തെരുവിൽനിന്ന് ആക്രോശിക്കുമ്പോൾ 29 വയസ്സായിരുന്നു പ്രായം. ആ മുഖം ഇന്നും ഹിംസാത്മക ഗുജറാത്തിന്റെ പ്രതീകമാണ്. കലാപകാരികളിൽ ചിലർ തന്റെ താടി കണ്ട് മുസ്‍ലിമാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിക്കാൻ ഒരുമ്പെട്ടിരുന്നു. ഹിന്ദുവാണെന്നും ചെരിപ്പുകുത്തിയാണെന്നും പറഞ്ഞപ്പോൾ വിട്ടയച്ചു. അത്തരം ആക്രമണം വീണ്ടുമുണ്ടായേക്കുമെന്നതിനാൽ അതൊഴിവാക്കാനാണ് നെറ്റിയിൽ കാവിത്തുണി ചുറ്റിയത്.
അതോടെ കാണുന്നവരെല്ലാം ജയ് ശ്രീരാം വിളിച്ച് അഭിവാദ്യം ചെയ്യാൻ തുടങ്ങി. കലാപ ദൃശ്യങ്ങൾ പകർത്താനും റിപ്പോർട്ട് ചെയ്യാനും വന്ന പത്രക്കാർ അഭിപ്രായങ്ങൾ തിരക്കിയപ്പോൾ ഗോധ്രയിൽ കർസേവകർ കൊല്ലപ്പെട്ടതിലുള്ള സാധാരണ ഹിന്ദുവിന്റെ ക്രോധമാണിതെന്നാണ് പറഞ്ഞത്. വി.എച്ച്.പി സ്ഥാപിച്ച ഒരു കമാനത്തിനുമുന്നിൽ നിന്ന് മുദ്രാവാക്യം വിളിക്കുന്നത് ശ്രദ്ധയിൽപെട്ട ഫോട്ടോഗ്രാഫർമാരിലൊരാൾ ആവശ്യപ്പെട്ടതുപ്രകാരം പോസ് ചെയ്യുകയായിരുന്നു.
പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല, രോഷം പ്രകടിപ്പിക്കാനാണ് അത് ചെയ്തത്. ഗോധ്രയിൽ നടന്ന തീവെപ്പിന്റെ പേരിൽ അഹ്മദാബാദിലും ഗുജറാത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള നിരപരാധികളെ ആക്രമിക്കുകയും കൊല്ലുകയുമായിരുന്നില്ല വേണ്ടത്. നിയമത്തിന്റെ വഴിക്ക് പോകണമായിരുന്നു. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. താൻ അക്രമങ്ങളിൽ പങ്കാളിയായിട്ടില്ലെന്നും ഇത്ര വലിയ കലാപമായി മാറുമെന്ന് അറിയില്ലായിരുന്നുവെന്നും അശോക് പറയുന്നു.
എന്നാൽ, ഈ ചിത്രം കാരണം കേസും അറസ്റ്റുമുണ്ടായി, പക്ഷേ തെളിവുകളില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. ദലിതനും ദരിദ്രനുമാണെന്നതിനു പുറമെ കലാപത്തിന്റെ മുഖം കൂടിയായതോടെ വിവാഹം പോലും അസാധ്യമായി. അന്നു സംഭവിച്ചതിന്റെ പേരിൽ ഖേദമൊന്നുമില്ല. എന്നാൽ അക്രമത്തിന്റെ പ്രതീകമായി കാണുന്നുവെന്നതിൽ വിഷമമുണ്ട്. മാധ്യമങ്ങൾ ചിത്രീകരിച്ചതുപോലെ താൻ ഏതെങ്കിലും ഹിന്ദുത്വ സംഘടനയുടെ ഭാഗമായിരുന്നില്ലെന്നും അവരാരും ഇന്നേവരെ സഹായിച്ചിട്ടില്ലെന്നും അശോക് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.