സെന്‍സസും എന്‍.പി.ആറും ഈ വര്‍ഷം ഇല്ല
text_fieldsന്യൂഡല്‍ഹി: രാജ്യമൊട്ടുക്കും അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്കിടയിലും ഈ വര്‍ഷം ദേശീയ ജനസംഖ്യ പട്ടികയും (എന്‍.പി.ആര്) ജനസംഖ്യ കണക്കെടുപ്പുമായി (സെന്‍സസ്) മുന്നോട്ടുപോകാനുള്ള മോദി സര്‍ക്കാർ പദ്ധതി നടപ്പായില്ല. സെന്സസിെൻറ ഒന്നാംഘട്ടവും എന്‍.പി.ആറും ഈ വര്‍ഷം മാറ്റിവെക്കേണ്ടിവരുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ദേശീയ വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയെ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സെന്‍സസ് അനിവാര്യമായ പ്രക്രിയ അല്ലെന്നും ഒരു വര്‍ഷം വൈകിയാലും കുഴപ്പമില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വര്‍ഷം ഏപ്രില്‍ ഒന്നിനും സെപ്റ്റംബര്‍ 30നുമിടയില്‍ സെന്സസിെൻറ ഒന്നാം ഘട്ടത്തില്‍ വീടുകളുടെ പട്ടികക്കൊപ്പം ദേശീയ ജനസംഖ്യ പട്ടികയും തയാറാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. 2021 മാര്‍ച്ച് 21 ആണ് സെന്‍സസ് തീയതിയായി നിര്‍ണയിച്ചിരുന്നത്. എന്നാല്‍, കോവിഡ് ഭീഷണി വലിയതോതില്‍ നിലനില്‍ക്കുകയാണെന്നും സെന്‍സസും എന്‍.പി.ആറും ഇപ്പോള്‍ സര്‍ക്കാറിെൻറ മുന്‍ഗണന പട്ടികയിലില്ലെന്നും അവർ പറഞ്ഞു.
10 വര്‍ഷം കൂടുമ്പോഴുള്ള സെന്‍സസ് 130 വര്‍ഷമായി രാജ്യത്ത് നടക്കുന്നുണ്ട്. ഇതിനു പുറമെയാണ് ഓരോ പൗരെൻറയും വ്യക്തിഗത വിവരങ്ങളടങ്ങിയ ജനസംഖ്യ പട്ടിക തയാറാക്കാൻ തീരുമാനിച്ചത്. 1955ലെ പൗരത്വ നിയമത്തിെൻറയും 2003ല്‍ വാജ്പേയി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് എന്‍.പി.ആര് ഉണ്ടാക്കുന്നത്. ഇത് ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) ഉണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് 2003ലെ ചട്ടത്തില്‍ വ്യക്തമാണ്. 2010ല്‍ യു.പി.എ സര്‍ക്കാര്‍ എന്‍.പി.ആര് തയാറാക്കുകയും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 2015ല്‍ അത് പുതുക്കുകയും ചെയ്തിരുന്നു.
എന്നാല്‍, വ്യക്തിയുടെ രക്ഷിതാക്കള്‍ ജനിച്ച സ്ഥലം ആവശ്യപ്പെട്ടതോടെ പൗരത്വപ്പട്ടികയിലേക്കുള്ള ചുവടുവെപ്പാണെന്ന ധാരണ ബലപ്പെട്ടു. മുസ്ലിംകളെ മാത്രം മാറ്റിനിര്‍ത്തി വിവാദ പൗരത്വ ഭേദഗതി നിയമം പാര്‍ലമെൻറ് പാസാക്കിയശേഷമായിരുന്നു ഇത്. എന്‍.ആര്.സിക്കു മുന്നോടിയായാണ് എന്‍.പി.ആറെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിംകളെ രണ്ടാംതരം പൗരന്മാരാക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണിതെന്ന വിമര്‍ശനമുയര്‍ന്നതോടെ അലീഗഢ്, ജാമിഅ മില്ലിയ സർവകലാശാലകളിൽനിന്ന് പൊട്ടിപ്പുറപ്പെട്ട സി.എ.എ-എന്‍.ആര്.സി-എന്‍.പി.ആര് വിരുദ്ധ പ്രക്ഷോഭം രാജ്യമൊട്ടാകെ പടര്‍ന്നുപിടിച്ചിരുന്നു.
പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സംഘ്പരിവാര്‍-പൊലീസ് ആസൂത്രണത്തില്‍ വ്യാപക അക്രമങ്ങളും ഡല്‍ഹി വംശഹത്യ അടക്കമുള്ള കലാപങ്ങളും അരങ്ങേറി. ഇരകളായ സമരക്കാരെ അതേ അക്രമങ്ങള്‍ക്ക് പ്രതികളാക്കി പൊലീസ് പ്രതികാരനടപടി സ്വീകരിക്കുകയും ചെയ്തു. എന്നാൽ, സെന്‍സസിനൊപ്പം എന്‍.പി.ആര് നടത്തുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങൾ രംഗത്തുവന്നു. ഇതിനിടയിലാണ് കോവിഡ് മഹാമാരിയെയും ലോക്ഡൗണിനെയും തുടര്‍ന്ന് രാജ്യം നിശ്ചലമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.