റിഷഭ് പന്തിന്റെ അപകടം: റൂർക്കീ ഹൈവേയിലെ കുഴികൾ മൂടി അധികൃതർ
text_fieldsഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാർ അപകടത്തിൽ പെടാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല. അതേസമയം, റോഡിലെ കുഴികളാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. മുമ്പും അതേസ്ഥലത്ത് നിരവധി അപകടങ്ങൾ നടന്നിട്ടുണ്ടെന്നും പലർക്കും ജീവൻ നഷ്ടമായിട്ടുണ്ടെന്നും അവർ ദേശീയ മാധ്യമങ്ങളോട് പറയുകയുണ്ടായി. അപകടവുമായി ബന്ധപ്പെട്ട് ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനും (ഡിഡിസിഎ) സമാന അഭിപ്രായവുമായി എത്തി. റോഡിലെ വലിയൊരു കുഴി ഒഴിവാക്കാനായി ശ്രമിക്കവേയാണ് താരത്തിന് അപകടം പിണഞ്ഞതെന്നായിരുന്നു ഡിഡിസിഎ പറഞ്ഞത്.
എന്നാലിപ്പോൾ പന്ത് അപകടത്തിൽ പെട്ട റൂർക്കി ഹൈവേയിലെ കുഴികൾ നികത്തുന്നതിന്റെ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ഡിഡിസിഎയുടെ ആരോപണത്തിന് തൊട്ടു പിന്നാലെയാണ് ദ്രുതഗതിയിൽ റോഡിലെ കുഴികൾ മൂടാൻ തുടങ്ങിയത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് (എൻഎച്ച്എഐ) അറ്റകുറ്റപ്പണികൾക്ക് ഉത്തരവിട്ടതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കാർ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ള പന്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ആശുപത്രി അധികൃതർ തന്നെയാണ് പന്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. അതിനിടെ പന്തിനെ സന്ദര്‍ശിക്കാന്‍ വി.ഐ.പികള്‍ അടക്കമുള്ളവര്‍ എത്തുന്നതിനെതിരെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍(ഡിഡിസിഎ) മുന്നറിയിപ്പുമായി എത്തിയിട്ടുണ്ട്. അണുബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പന്തിനെ സന്ദര്‍ശിക്കാന്‍ ആരും തന്നെ ആശുപത്രിയിലേക്ക് വരരുതെന്ന് അസോസിയേഷന്‍ ഡയറക്ടര്‍ ശ്യാം ശര്‍മ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.