രണ്ട് കുട്ടികൾ നയത്തിന് മാത്രമേ അസം മുസ്‌ലിംകളുടെ ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയൂ -ഹിമന്ത ബിശ്വ ശർമ്മ
text_fieldsഗുവാഹത്തി: അസമിലെ മുസ്‌ലിംകളുടെ ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാനുള്ള ഏക മാർഗം രണ്ടു കുട്ടികൾ നയമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അത്തരമൊരു നയം ഉൾപ്പെടെ നല്ല കുടുംബാസൂത്രണ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിനുള്ള തെൻറ നിർദ്ദേശത്തെ സമുദായത്തിലെ സംഘടനകൾ സ്വാഗതം ചെയ്തതായി അദ്ദേഹം പറഞ്ഞു.
'മുസ്‌ലിം സമൂഹത്തിൽ നിന്ന് യാതൊരു എതിർപ്പും ഇല്ല. ഓൾ അസം മൈനോറിറ്റി സ്റ്റുഡൻറ്സ് യൂനിയെൻറ രണ്ട് വിഭാഗങ്ങൾ കഴിഞ്ഞ മാസം രണ്ടുതവണ എന്നെ കണ്ടു. അവർ പരസ്യമായി രണ്ടു കുട്ടികൾ നയത്തെ സ്വാഗതം ചെയ്തു. അസമിലെ മുസ്‌ലിംകൾക്ക് ജനസംഖ്യാ നിയന്ത്രണ നടപടികൾ ആവശ്യമാണെന്നും പറഞ്ഞു' ഹിമന്ത തിങ്കളാഴ്ച ഗുവാഹത്തിയിൽ വെച്ച് പറഞ്ഞു.
'ജൂലൈയിൽ ഞാൻ കുറച്ച് മുസ്ലിം പണ്ഡിതൻമരെ കൂടി കാണുന്നുണ്ട്. സംസ്ഥാന സർക്കാരിെൻറ നയങ്ങളെ അവർ പിന്തുണക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അസമിലെ മുസ്ലീം ന്യൂനപക്ഷങ്ങളിൽ നിന്ന് ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിത്' -ഹിമന്ത കൂട്ടിച്ചേർത്തു. ജൂലൈ നാലിന് 150 മുസ്ലിം പണ്ഡിതൻമാരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പട്ടിണി ഇല്ലാതാക്കാൻ സംസ്ഥാനത്തെ മുസ്ലിം ന്യൂനപക്ഷം ജനസംഖ്യ നിയന്ത്രണത്തിനുള്ള 'മാന്യമായ കുടുംബാസൂത്രണ നയം' സ്വീകരിക്കണമെന്ന് ഹിമന്ത നേരത്തെയും ആവശ്യപ്പെട്ടിരുന്നു. ജനസംഖ്യ നിയന്ത്രണത്തിന് മുസ്ലിം സമുദായവുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. പട്ടിണി, ഭൂമി കൈയേറ്റം ഉൾപ്പെടെയുള്ളവയുടെ അടിസ്ഥാന കാരണം അനിയന്ത്രിതമായ ജനസംഖ്യ വർധനയാണ്. മുസ്ലിം സമുദായം മാന്യമായ കുടുംബാസൂത്രണ നയം സ്വീകരിക്കാൻ തയാറായാൽ അസമിലെ ഒട്ടേറെ സാമൂഹിക പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ കഴിയും. അസമിലെ പുതിയ ബി.ജെ.പി സർക്കാർ ഒരുമാസം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽവെച്ചായിരുന്നു പ്രസ്താവന.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിലും സർക്കാർ ജോലികളിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയതിന് പിന്നാലെ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ഇനി അസമിൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും ബി.ജെ.പി സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.വായ്പ എഴുതിത്തള്ളലും ക്ഷേമപദ്ധതികളും ഉൾപ്പെടെ സർക്കാർ നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഇനി പുതിയ ജനസംഖ്യ നയത്തെ ആസ്പദമാക്കിയാകുമെന്നാണ് പുതിയ സർക്കാർ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.