മുതലമട ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ സ്വാമി സുനിൽദാസ് അഞ്ചര കോടി വാങ്ങി വഞ്ചിച്ചെന്ന് പരാതി
text_fieldsമുംബൈ: മുതലമട ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ സ്വാമി സുനിൽദാസ് 5.5 കോടി രൂപ വാങ്ങി വഞ്ചിച്ചതായി മുംബൈ പൊലീസിൽ പരാതി. നഗരത്തിലെ പവായിലുള്ള വാരിയർ ഫൗണ്ടേഷൻ സ്ഥാപകൻ അത്രശ്ശേരി സേതുമാധവനാണ് ഞായറാഴ്ച പരാതി നൽകിയത്.
2018ലെ പ്രളയാനന്തരം വാരിയർ ഫൗണ്ടേഷൻ നടത്തിയ ‘മാതൃകാപരമായ’ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പുരസ്കാരവും 25 കോടി രൂപയുടെ സംഭാവനയും വാഗ്ദാനംചെയ്ത് അതിന്റെ മറവിൽ പിന്നീട് 5.5 കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. പുരസ്കാരച്ചടങ്ങ് നടത്തുകയും മുൻ ഐ.എസ്.ആർ.ഒ മേധാവിയുടെ കൈയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു. അന്ന് 25 കോടിയുടെ ചെക്കും തന്നു. മറ്റ് കുടിശ്ശികകൾ തീർക്കാനുള്ളതിനാൽ ചെക്ക് ഉടനെ നിക്ഷേപിക്കരുതെന്ന് പറഞ്ഞു. പിന്നീട് 2018 ഒക്ടോബറിലും നവംബറിലുമായി രണ്ട് ഗഡുകളായി 5.5 കോടി രൂപ വാങ്ങി.
വാരിയർ ഫൗണ്ടേഷന്റെയും തന്റെയും ബാങ്ക് അക്കൗണ്ടുകളിൽനിന്ന് മുതലമട ട്രസ്റ്റിന്റെയും സ്വാമി സുനിൽ ദാസിന്റെയും അക്കൗണ്ടുകളിലേക്കാണ് പണം നൽകിയത്. പിന്നീട് സ്വാമി സുനിൽദാസ് രണ്ട് ചെക്കുകൾ തന്നെങ്കിലും ഫണ്ടില്ലാത്തതിനാൽ ബാങ്ക് അവ തിരിച്ചയച്ചുവെന്ന് സേതുമാധവന്റെ പരാതിയിൽ പറയുന്നു.
പണം തിരികെ തരാൻ ഉദ്ദേശ്യമില്ലെന്ന് തോന്നിയതിനാലാണ് പരാതി നൽകിയതെന്നും പറയുന്നു. അതേസമയം, ഭൂമി നൽകി പ്രശ്നം പരിഹരിക്കാൻ ട്രസ്റ്റ് ശ്രമിക്കുന്നതായി പറയപ്പെടുന്നു. മുതലമട ചാരിറ്റബിൾ ട്രസ്റ്റ് വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.