ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ ക്രിസ്മസ് ഇരുട്ടിലാക്കി പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: ക്രിസ്മസ് ആഘോഷരാവിൽ പാകിസ്താനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഇ വസതികളിൽ വൈദ്യുതി വിഛേദിച്ചതായി പരാതി. ഉദ്യോഗസ്ഥരുടെ വസതികളിൽ നാല് മണിക്കൂറാണ് വൈദ്യുതി തടസപ്പെട്ടത്. സെക്കൻറ് സെക്രട്ടറിയുടെ വസതിയിൽ ഉൾപ്പെടെ വൈദ്യുതി തടസപ്പെടുത്തിയെന്നും ഇത് മനപൂർവമുള്ള നടപടിയാണെന്നും ഇന്ത്യൻ ഹൈകമീഷൻ പാക് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ പരാതിയിൽ പറയുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കണമെന്നും ഹൈകമീഷൻ ആവശ്യപ്പെട്ടു.
ഡിസംബർ 25 ന് രാവിലെ ഏഴ് മുതൽ 10.45 വരെയാണ് നയതന്ത്ര ഉദ്യോഗസ്ഥരുടെ വസതി സ്ഥിതിചെയ്യുന്ന ഇസ്ലാമാബാദിലെ സ്ട്രീറ്റ് 18 ൽ വൈദ്യുതി വിഛേദിക്കപ്പെട്ടത്. ഇതോടെ ക്രിസ്മസ് ദിനത്തിൽ കുടുംബാംഗങ്ങളുമായിപോലും ബന്ധപ്പെടാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ലെന്ന് ഹൈകമീഷൻ പരാതിയിൽ പറഞ്ഞു. എന്നാൽ പാകിസ്താൻ ഉന്നത ഉദ്യോഗസ്ഥരുടെ വസതികളിൽ വൈദ്യുതി ഉണ്ടായിരുന്നതായും വൈദ്യുതി ബന്ധം വിഛേദിച്ചത് മനപൂർവമല്ലെന്നുമാണ് വിശദീകരണം.
നേരത്തെ ഇന്ത്യൻ ഹൈകമീഷണറുടെ വസതിയിൽ പാചകവാതക കണക്ഷൻ നൽകാൻ പാകിസ്താൻ തയാറായിരുന്നില്ല. ടെലിഫോൺ കണക്ഷനും നൽകിയിരുന്നില്ല. ഫർണിച്ചറുകൾ അതിർത്തിയിൽ പിടിച്ചുവെക്കുകയും ചെയ്തിരുന്നു. ഇന്ത്യ ഇടപെട്ട ശേഷമാണ് പാചകവാതക കണക്ഷനും ടെലിഫോൺ കണക്ഷനും നൽകാൻ പാകിസ്താൻ തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.