സംസ്ഥാനങ്ങളിൽ പവർകട്ട് തുടരുന്നു; പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രം
text_fieldsന്യൂഡൽഹി: കൽക്കരി ക്ഷാമം സൃഷ്ടിച്ച ഊർജ പ്രതിസന്ധി തുടരുന്നു. പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച പവർകട്ട് പിൻവലിച്ചിട്ടില്ല. പഞ്ചാബിലാണ് ഊർജ പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്.11,046 മെഗാവാട്ട് വൈദ്യുതിയാണ് പഞ്ചാബിന് പ്രതിദിനം വേണ്ടത്. ലഭിക്കുന്നത് 8,751 മെഗാവട്ടും.
ഇതേത്തുടർന്ന് സംസ്ഥാനത്ത് നാല് മണിക്കൂർ മുതൽ ഏഴു മണിക്കൂർ വരെയാണ് പവർകട്ട്. ബിഹാറിൽ പ്രതിദിനം 6,500 മെഗാവാട്ട് വൈദ്യുതി വേണം. കേന്ദ്ര സർക്കറിൽനിന്നു ലഭിക്കുന്നത് 3,200 മെഗാവാട്ടും. യൂനിറ്റിന് 20 രൂപ എന്ന ഉയർന്ന വില നൽകി 1,500 മെഗാവാട്ട് സംസ്ഥാനം പുറത്തുനിന്നും വാങ്ങുന്നുണ്ട്. എന്നിരുന്നാലും1,800 മെഗാവാട്ടിെൻറ കുറവ് തുടരുകയാണ്. ഇതേത്തുടർന്ന് ബിഹാറിലെ മിക്ക ജില്ലകളിലും 10 മണിക്കൂറോളമാണ് പവർകട്ടുള്ളത്.
രാജസ്ഥാനിൽ 12,534 മെഗാവാട്ട് വൈദ്യുതി ആണ് പ്രതിദിനം വേണ്ടത്. എന്നാൽ, 272 മെഗാവട്ടിെൻറ കുറവ് റിപ്പോർട്ട് ചെയ്തു. യു.പിയിൽ 870 മെഗാവാട്ടിെൻറ കുറവും ഉത്തരാഖണ്ഡിൽ 190 മെഗാവാട്ടും ജമ്മു കശ്മീരിൽ 200 മെഗാവാട്ടിെൻറയും കുറവാണ് റിപ്പോർട്ട് ചെയ്തത്.
കൂടാതെ, 15 താപനിലയങ്ങളിൽ കൽക്കരി മുഴുവൻ തീർന്നെന്ന് സെൻട്രൽ ഇലക്ട്രിക്കൽ അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മിക്ക താപനിലയങ്ങളിലും ഒന്നോ രണ്ടോ ദിവസത്തെ സ്റ്റോക്ക് മാത്രമാണ് ബാക്കിയുള്ളത്.
എന്നാൽ, ഊർജ പ്രതിസന്ധിയില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് കേന്ദ്രം. ആവശ്യത്തിന് കൽക്കരി സ്റ്റോക്കുണ്ടെന്നും പ്രതിസന്ധി റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ബോസ്റ്റണിലെ ഹാർവഡ് കെന്നടി സ്കൂളിൽ നടന്ന ചർച്ച പരിപാടിയിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. കോൾ ഇന്ത്യ ലിമിറ്റഡ് ഉൾപ്പെടെ എല്ലാ കേന്ദ്രങ്ങളിൽനിന്നുമുള്ള കൽക്കരി വിതരണം രണ്ട് ദശലക്ഷത്തിലധികം ടൺ രേഖപ്പെടുത്തിയതായി കൽക്കരി, ഖനി മന്ത്രി പ്രഹ്ലാദ് ജോഷിയും ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.