ജോഷിമഠിലെ ദുരന്തിന് ഉത്തരവാദി എൻ.ടി.പി.സി; അന്വേഷണത്തിനൊരുങ്ങി ഉത്തരാഖണ്ഡ്
text_fieldsജോഷിമഠ്: ഉത്തരാഖണ്ഡിലെ ജോഷിമഠിലെ ദുരന്തത്തിന് കാരണം എൻ.ടി.പി.സിയാണെന്ന ആരോപണത്തിൽ അന്വേഷണത്തിനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. എട്ടോളം ഏജൻസികൾ ഉത്തരാഖണ്ഡിലുണ്ടായ ദുരന്തത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഉത്തരാഖണ്ഡ് മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. കേന്ദ്രത്തിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടാനും തീരുമാനമായിട്ടുണ്ട്.
അതേസമയം, ഉത്തരാഖണ്ഡിലെ ദുരന്തത്തിൽ പങ്കില്ലെന്നാണ് എൻ.ടി.പി.സിയുടെ വിശദീകരണം. വിഷ്ണുഗാഡ് ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിലേക്കുള്ള ഒരു 12 കിലോമീറ്റർ നീളമുള്ള തുരങ്കം ജോഷിമഠിൽ നിന്നും ഒരു കിലോ മീറ്റർ അകലെയാണ്. ഒരു കിലോ മീറ്റർ ആഴത്തിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നതെന്നും എൻ.ടി.പി.സി വിശദീകരിക്കുന്നു. എന്നാൽ, എൻ.ടി.പി.സിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ജോഷിമഠിലെ ദുരന്തകാരണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രദേശവാസികൾ.
700 ഓളം വീടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോഷിമഠിൽ വിള്ളൽ വീണ് തകർന്നുകൊണ്ടിരിക്കുന്നത്. 20,000 ഓളം ആളുകൾ വീടുവിട്ട് സുരക്ഷിത സ്ഥാനങ്ങൾ തേടിയിരിക്കുകയാണ്. അതേസമയം, 25 ശതമാനം കെട്ടിടങ്ങളും വീടുകളും മാത്രമാണ് തകർന്നിട്ടുള്ളതെന്നും തീർഥാടകരെ സ്വീകരിക്കാൻ സംസ്ഥാനം തയാറായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ഭീതി പരത്തരുതെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു.
ബദ്‍രീനാഥ യാത്ര തുടങ്ങാൻ പോവുകയാണ്. എന്നാൽ, ഉത്തരാഖണ്ഡിൽ വലിയ പ്രശ്നങ്ങളുണ്ടെന്നും ടൗൺ പൂർണമായും മുങ്ങിപ്പോവുകയാണെന്നുമുള്ള ധ്വനിയാണ് ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളിൽ ഭീതി പടർത്തുന്ന തരത്തിലുള്ള കാര്യങ്ങൾ പ്രചരിപ്പിക്കരുത്. ഈ സംസ്ഥാനത്ത് ഇടക്കിടെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അതിനോട് നാം പോരാടുകയും മറികടക്കുകയും ചെയ്യാറുണ്ട്. ഈ പ്രശ്നവും മറികടക്കാൻ സഹായിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.