‘ഞങ്ങൾക്ക് തെറ്റുപറ്റിപ്പോയി’, എക്സിറ്റ് പോളിൽ പരിഹാസ്യരായ ആക്സിസ് മൈ ഇന്ത്യ ചെയർമാൻ ടി.വി ചർച്ചക്കിടെ മുഖംപൊത്തിക്കരഞ്ഞു..
text_fieldsന്യൂഡൽഹി: തങ്ങളുടെ എക്സിറ്റ് പോളിൽ എൻ.ഡി.എക്ക് 400ലേറെ സീറ്റുകളുടെ വിജയം പ്രഖ്യാപിച്ച് പരിഹാസ്യരായ ആക്സിസ് മൈ ഇന്ത്യയുടെ ചെയർമാൻ പ്രദീപ് ഗുപ്ത കുമ്പസാരവുമായി രംഗത്ത്. ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ തങ്ങളുടെ നിരീക്ഷണം പാളിപ്പോയതായി പ്രദീപ് ഗുപ്ത തുറന്നു സമ്മതിച്ചു.
‘എൻ.ഡി.എ സഖ്യം 361-401 സീറ്റുകൾ നേടുമെന്നായിരുന്നു ഞങ്ങൾ പ്രവചിച്ചത്. എന്നാൽ, ഇപ്പോൾ 295 ആണ് അവരുടെ സീറ്റ് നില. അതിനർഥം ഞങ്ങൾ പറഞ്ഞ ഏറ്റവും കുറഞ്ഞ സംഖ്യക്ക് 66 സീറ്റുകൾ കുറവാണത്. ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഞങ്ങൾക്ക് പൂർണമായും തെറ്റുപറ്റി. എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കും’ -ഇന്ത്യ ടുഡേ ടെലിവിഷനിൽ നടന്ന ചർച്ചയിൽ പ്രദീപ് ഗുപ്ത പറഞ്ഞു. പ്രമുഖ മാധ്യമ പ്രവർത്തകരായ രാജ്ദീപ് സർദേശായിയും രാഹുൽ കൻവാലും നയിച്ച ചർച്ചക്കിടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനാവാതെ ഗുപ്ത ‘ലൈവായി’ കരയുകയും ചെയ്തു. മുഖം പൊത്തി വിതുമ്പിയ അദ്ദേഹത്തിന്, കൻവാൽ ആശ്വസിപ്പിക്കാനെത്തിയിട്ടും കരച്ചിലടക്കാനായില്ല.
‘ഉത്തർപ്രദേശിൽ, ഞങ്ങൾ ഏകദേശം 67 സീറ്റുകളുടെ താഴ്ന്ന പരിധി പ്രവചിച്ചെങ്കിലും എൻ.ഡി.എക്ക് നേടാനായത് 38 സീറ്റുകൾ മാത്രം. അതുകൊണ്ട് തന്നെ 30 സീറ്റുകളുടെ കുറവാണ് ഞങ്ങളുടെ കണക്കുകൂട്ടലിൽ സംഭവിച്ചത്. പശ്ചിമ ബംഗാളിൽ ഞങ്ങൾ ബി.ജെ.പിക്ക് 26 മുതൽ 32 വരെ സീറ്റുകൾ പ്രവചിച്ചു. പക്ഷേ, അവർക്ക് ലഭിച്ചത് 11 സീറ്റുകൾ മാത്രം. ഞങ്ങളുടെ പ്രവചനത്തിൽ നിന്ന് 15 സീറ്റുകളുടെ വ്യത്യാസം. അതുപോലെ, മഹാരാഷ്ട്രയിൽ എൻ.ഡി.എയ്ക്ക് 28 സീറ്റുകളാണ് പ്രവചിച്ചത്. ലഭിച്ചതാകട്ടെ, 20 സീറ്റുകൾ. പ്രതീക്ഷിച്ചതിലും എട്ടു സീറ്റുകൾ കുറവ്. ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി 60 സീറ്റുകളുടെ വ്യത്യാസം’ -അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മൂന്ന് സംസ്ഥാനങ്ങളിലും ദളിതുകളുടെ വോട്ടിലാണ് തങ്ങളുടെ കണക്കുകൂട്ടലുകൾ പിഴച്ചതെന്ന് പ്രദീപ് ഗുപ്ത സൂചിപ്പിച്ചു. കുറച്ചുമാത്രം സംസാരിക്കുന്ന അവർ ഈ സംസ്ഥാനങ്ങളിൽ നിർണായകമായതായാണ് ഗുപ്തയുടെ ഇപ്പോഴത്തെ നിരീക്ഷണം. മതത്തെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങളിൽനിന്ന് മാറി നിൽക്കാനാഗ്രഹിക്കുന്ന ദളിത് സമുദായങ്ങൾ, സംവരണ വിഷയത്തിലും ഭരണഘടന വെല്ലുവിളി നേരിടുന്നുവെന്നതിലും എൻ.ഡി.എയോട് അകൽച്ച കാട്ടിയെന്നും ഗുപ്ത ഇപ്പോൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.