തീരുമാനം മാറ്റും വരെ പവാർ തന്നെ എൻ.സി.പി അധ്യക്ഷൻ -പ്രഫുൽ പട്ടേൽ
text_fieldsമുംബൈ: പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് പടിയിറങ്ങാനുള്ള തീരുമാനം പുനഃപരിശോധിക്കും വരെ ശരദ് പവാർ തന്നെയാണ് എൻ.സി.പിയുടെ അധ്യക്ഷനെന്ന് പാർട്ടി നേതാവ് പ്രഫുൽ പട്ടേൽ പറഞ്ഞു.
അതുവരെ അദ്ദേഹത്തിന്റെ പിൻഗാമി ആരെന്നതിനെ കുറിച്ച് ചർച്ചകളുണ്ടാകില്ലെന്നും വാർത്താലേഖകരുമായി സംസാരിക്കവെ പാർട്ടി ദേശീയ ഉപാധ്യക്ഷനായ പട്ടേൽ പറഞ്ഞു.
‘ഞാൻ ആ പദവി ലക്ഷ്യമിടുന്നില്ല. പിൻഗാമിയെ കണ്ടെത്തേണ്ട സാഹചര്യമുണ്ടായാൽ ഐകകണ്ഠ്യേന തീരുമാനമെടുക്കും. ഇതിനായി സമിതി യോഗം ചേരും. തീരുമാനം പുനഃപരിശോധിക്കാൻ സമയം വേണമെന്ന് പവാർ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ മറ്റൊരു തീരുമാനവുമുണ്ടാകില്ല. പവാർ അധ്യക്ഷനാണെങ്കിലും അല്ലെങ്കിലും അദ്ദേഹം പാർട്ടിയുടെ സ്വത്വവും ആത്മാവുമാണ്. -പട്ടേൽ വ്യക്തമാക്കി.
തന്റെ പിൻഗാമിയെ നിശ്ചയിക്കാനായി ശരദ് പവാർ തന്നെ ചൊവ്വാഴ്ച സമിതിയുണ്ടാക്കിയിരുന്നു. എന്നാൽ, സമിതി ബുധനാഴ്ച ചേർന്നില്ലെന്നാണ് പാർട്ടി പറയുന്നത്. പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പവാറിന്റെ മകൾ സുപ്രിയ സുലെ വരുമെന്നും അജിത് പവാർ മഹാരാഷ്ട്ര അധ്യക്ഷനാകുമെന്നും അഭ്യൂഹങ്ങളുണ്ട്. സുലെ ഈ സ്ഥാനത്തേക്ക് യോഗ്യയാണെന്ന് പാർട്ടി നേതാവ് ഛഗൻ ഭുജ്ബാൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ചേർന്ന മുതിർന്ന നേതാക്കളുടെ യോഗം പവാറിന്റെ പിൻഗാമിയെ കണ്ടെത്താനുള്ളതായിരുന്നില്ലെന്നും അദ്ദേഹത്തെക്കൊണ്ട് തീരുമാനം എങ്ങനെ പിൻവലിപ്പിക്കാം എന്ന കാര്യം ആലോചിക്കാനുള്ളതായിരുന്നെന്നും ഭുജ്ബാൽ പറഞ്ഞു. തന്നെയും നിരവധി പാർട്ടി പ്രവർത്തകരെയും അനാഥരാക്കരുതെന്ന് ആവശ്യപ്പെട്ട് പുണെയിൽ നിന്നുള്ള എൻ.സി.പി പ്രവർത്തകൻ കഴിഞ്ഞ ദിവസം പവാറിന് ചോര കൊണ്ട് കത്തെഴുതി. പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനശേഷം മഹാരാഷ്ട്രയിൽ പലയിടത്തും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.