പ്രജ്ഞ സിങ്ങിന്റെ വിദ്വേഷ പ്രസ്താവന; കേസെടുക്കാൻ പരാതിക്കാർ നേരിട്ടെത്തണമെന്ന് പൊലീസ്
text_fieldsബംഗളൂരു: മറ്റ് മതവിശ്വാസികൾക്ക് നേരെ പ്രകോപന-വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പി എം.പി പ്രജ്ഞസിങ് ഠാകൂറിനെതിരെ കേസ് എടുക്കണമെങ്കിൽ പരാതിക്കാർ നേരിട്ട് സ്റ്റേഷനിൽ എത്തണമെന്ന് കർണാടക പൊലീസിന്റെ വിചിത്ര വാദം.
തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് എസ്. ഗോഖലെ ശിവമൊഗ്ഗ ജില്ല പൊലീസ് മേധാവി ജി.കെ. മിഥുൻ കുമാറിന് ഇ-മെയിൽ പരാതി അയച്ചിരുന്നു. ഇത് എസ്.പി ഓഫിസിൽ നിന്ന് കോട്ടെ പൊലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർക്ക് കൈമാറി. എന്നാൽ, വിശ്വാസ്യത ഉറപ്പുവരുത്താൻ പരാതിക്കാരൻ നേരിട്ട് കോട്ട സ്റ്റേഷനിലെത്തണമെന്നും എങ്കിൽ മാത്രമെ എഫ്.ഐ.ആർ എടുക്കാൻ സാധിക്കൂവെന്നുമാണ് കോട്ട സബ്ഇൻസ്പെക്ടർ അയച്ച മറുപടിയിൽ പറയുന്നത്.
അതേസമയം, കുറ്റകൃത്യം നേരിട്ട് ബോധ്യമാവുന്ന തരത്തിൽ പുറത്തുവന്നാൽ പരാതിക്കാരൻ ഹാജരാകേണ്ടെന്നും ഇത്തരം സംഭവങ്ങളിൽ രഹസ്യസൂചനകളുടെ അടിസ്ഥാനത്തിൽ പോലും കേസ് എടുക്കുകയാണ് വേണ്ടതെന്നുമാണ് ചട്ടം. പൊലീസ് നടപടിക്കെതിരെ വൻപ്രതിഷേധമുയർന്നിട്ടുണ്ട്. പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തേ പൊലീസ് പറഞ്ഞിരുന്നത്.
തുടർന്നാണ് സാകേത് ഗോഖലെയും ഡൽഹി-മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകനായ തഹ്സീൻ പൂനെവാലയും പരാതി നൽകിയത്. കേസെടുക്കണമെങ്കിൽ 24 മണിക്കൂറിനുള്ളിൽ നേരിട്ട് ഹാജരാകണമെന്ന് ചൊവ്വാഴ്ച രാത്രി എട്ട് മണിക്കാണ് കർണാടക പൊലീസിൽ നിന്ന് പൂനെവാലക്ക് അറിയിപ്പ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.