മുൻ ജില്ല പഞ്ചായത്ത് അംഗത്തിന്റെ പീഡന പരാതിയിൽ പ്രജ്വലുമായി തെളിവെടുത്തു
text_fieldsബംഗളൂരു: കൂട്ട ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ മുൻ എം.പി പ്രജ്ജ്വൽ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വെള്ളിയാഴ്ച ഹാസൻ ആർ.സി റോഡിലെ ഗവ.ഗസ്റ്റ് ഹൗസിൽ എത്തിച്ച് തെളിവെടുത്തു. ഹാസൻ ജില്ല പഞ്ചായത്ത് മുൻ ജെ.ഡി.എസ് വനിത അംഗം നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.
ഏതാനും വിദ്യാർഥികൾക്ക് റസിഡൻഷ്യൽ സ്കൂൾ പ്രവേശം ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാൻ ജില്ല പഞ്ചായത്ത് അംഗം എന്ന നിലയിൽ എം.പിയെ സമീപിച്ച തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു 40കാരിയുടെ പരാതി.
പ്രതിയുമായി നേരിട്ട് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന ആവശ്യം പരിഗണിച്ചാണ് പ്രജ്വലിനെ ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി എട്ടു ദിവസം എസ്.ഐ.ടിയുടെ കസ്റ്റഡിയിൽ വിട്ടത്. എസ്.ഐ.ടി. കസ്റ്റയിലായിരുന്ന പ്രജ്വലിനെ ചൊവ്വാഴ്ച കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നായിരുന്നു ഇത്.
കഴിഞ്ഞ മാസം 31-നാണ് പ്രജ്വലിനെ ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് എസ്.ഐ.ടി. അറസ്റ്റ് ചെയ്തത്.
മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ പൗത്രനും മുൻ മന്ത്രിയും ജെ.ഡി.എസ് എം.എൽ.എയുമായ എച്ച്.ഡി.രേവണ്ണയുടെ മകനുമാണ് പ്രജ്വൽ. പിതാവിനും മാതാവ് ഭവാനിക്കും ഹാസൻ, മൈസൂരു ജില്ലകളിൽ പ്രവേശിക്കരുത് എന്ന ഉപാധിയോടെ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിൽ 26ന് നടന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിൽ എൻ.ഡി.എ ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ട പ്രജ്വൽ കൂട്ട ലൈംഗിക അതിക്രമ ദൃശ്യങ്ങളുടെ പെൻഡ്രൈവ് പുറത്തു വന്നതിനെത്തുടർന്ന് 27ന് വിദേശത്തേക്ക് പോയിരുന്നു. നയതന്ത്ര പാസ്പോർട്ട് കണ്ടുകെട്ടാൻ നടപടി പുരോഗമിക്കുന്നതിനിടെ ഒരു മാസം പിന്നിട്ട ശേഷമാണ് തിരിച്ചുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.