എം.വി.എയെ കുഴക്കി പ്രകാശ് അംബേദ്കർ; സീറ്റ് വിഭജന ചർച്ച എങ്ങുമെത്തിയില്ല
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡിയെ (എം.വി.എ) പ്രതിസന്ധിയിലാക്കി ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ മകൻ പ്രകാശ് അംബേദ്കർ. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡി (ബി.വി.എ) രേഖാമൂലം പുതിയ ആവശ്യങ്ങളുന്നയിച്ചതോടെ എം.വി.എയുടെ സീറ്റ് വിഭജന ചർച്ച എങ്ങുമെത്തിയില്ല.
ബുധനാഴ്ചയോടെ സീറ്റ് വിഭജനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, തങ്ങൾക്ക് തനിച്ച് മത്സരിക്കാൻ കഴിയുന്ന 26 ലോക്സഭ സീറ്റുകളുടെ പട്ടികയുമായാണ് പ്രകാശിന്റെ പാർട്ടി യോഗത്തിനെത്തിയത്. പട്ടികയിൽനിന്ന് സീറ്റ് അനുവദിക്കണമെന്നാണ് ആവശ്യം. മറാത്ത സംവരണസമര നേതാവ് മനോജ് ജാരൻഗെ പാട്ടീലിനെ ജൽനയിൽ എം.വി.എയുടെ പൊതു സ്ഥാനാർഥിയാക്കണമെന്നും സഖ്യത്തിന് 15 ഒ.ബി.സി, മൂന്ന് ന്യൂനപക്ഷ സ്ഥാനാർഥികൾ ഉണ്ടാകണമെന്നുമാണ് മറ്റ് ആവശ്യങ്ങൾ.
ഓരോ യോഗത്തിലും പല ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിസന്ധി തീർക്കുന്ന പ്രകാശ് എം.വി.എക്ക് ബാധ്യതയായി മാറുകയാണ്. ഉദ്ധവ് താക്കറെ പക്ഷ ശിവസേനയുടെ ആവശ്യ പ്രകാരമാണ് പാർട്ടിയെ എം.വി.എയിലേക്ക് ക്ഷണിച്ചത്. 2019ലേതുപോലെ അവസാനനിമിഷം എം.വി.എ സഖ്യത്തിൽനിന്ന് പ്രകാശ് പിന്മാറുമെന്ന സംശയത്തിലാണ് കോൺഗ്രസും ശരദ് പവാർ പക്ഷ എൻ.സി.പിയും.
അതേസമയം, സീറ്റ് വിഭജനത്തിന്റെ അവസാന ഘട്ട ചർച്ച കോൺഗ്രസ് ഹൈകമാൻഡ്, ശരദ് പവാർ, ഉദ്ധവ് താക്കറെ, പ്രകാശ് അംബേദ്കർ എന്നിവർ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.