എം.വി.എയോട് അടുക്കാതെ പ്രകാശ് അംബേദ്കർ; സഹോദരനെ നോട്ടമിട്ട് പവാർ
text_fieldsമുംബൈ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ വേദി പങ്കിട്ടെങ്കിലും മഹാ വികാസ് അഘാഡി (എം.വി.എ)യുടെ സീറ്റ് വിഭജന ചർച്ചയിൽ ഒഴിഞ്ഞുമാറി പ്രകാശ് അംബേദ്കർ. തന്റെ തട്ടകമായ അകോല ഉൾപ്പെടെ നാല് സീറ്റുകൾ പ്രകാശിന്റെ വി.ബി.എക്ക് നൽകാൻ എം.വി.എ തയാറാണ്. ഇതിൽ ഉറച്ചുനിൽക്കാനാണ് ശനിയാഴ്ച രാത്രി നടന്ന ചർച്ചയിൽ നേതാക്കളുടെ തീരുമാനം.
ഞായറാഴ്ച രാഹുൽ ഗാന്ധിക്കുമുന്നിൽ ശിവജി പാർക്കിൽ നടത്തിയ പ്രസംഗത്തിലും പ്രകാശ് അംബേദ്കർ പിടികൊടുത്തില്ല. ഒറ്റക്കായാലും ഒരുമിച്ചായാലും ബി.ജെ.പിക്കെതിരെ പൊരുതേണ്ടതിന്റെ ആവശ്യകതയാണ് പ്രകാശ് പറഞ്ഞത്. അതേസമയം, പ്രകാശിന്റെ സഹോദരനും ദലിത് നേതാവുമായ ആനന്ദ്രാജ് അംബേദ്കറുമായി എൻ.സി.പി സ്ഥാപകൻ ശരദ് പവാർ ചർച്ച നടത്തുന്നതായി റിപ്പോർട്ടുണ്ട്.
ദലിത് വോട്ടുകൾ ചിതറിപ്പോകാതിരിക്കാനുള്ള ആസൂത്രണമാണ് നടക്കുന്നത്. ദലിതുകൾക്കിടയിൽ ബി.ജെ.പിയോട് അകൽച്ച കൂടുന്നതായി പ്രമുഖ ദലിത് എഴുത്തുകാരൻ അർജുൻ ഡാൻഗലെ പറയുന്നു. ബി.ജെ.പിയുടെ തുടർ ഭരണം ഭരണഘടനക്ക് ഭീഷണിയാണെന്ന് ദലിതരിൽ തിരിച്ചറിവുള്ളതായാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.