മലപ്പുറത്തിനെതിരെ വര്‍ഗീയ പ്രചാരണത്തിൽ ഉറച്ച് കേന്ദ്രം
text_fieldsന്യൂഡല്‍ഹി: കാട്ടുപന്നിക്ക് വെച്ച പന്നിപ്പടക്കം വായില്‍ ചെന്ന് ആന ചെരിഞ്ഞ സംഭവം പാലക്കാട് ജില്ലയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ തിരുത്തിയ ശേഷവും മലപ്പുറത്തിനെതിരെ വര്‍ഗീയ പ്രചാരണവുമായി കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനിന്നു. മലപ്പുറത്തിനെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്ര വനിത ശിശുക്ഷേ മന്ത്രി മേനക ഗാന്ധിക്കു പിറകെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറും രംഗത്തുവന്നു. മന്ത്രിമാര്‍ കളവ് പ്രചരിപ്പിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനിടെ വിവാദ വാര്‍ത്ത പ്രസിദ്ധീകരിച്ച എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍ ക്ഷമാപണം നടത്തി.
ആനയെ കൊന്നത് മലപ്പുറത്താണെന്നും പടക്കം തീറ്റിക്കല്‍ ഇന്ത്യന്‍ സംസ്കാരമല്ലെന്നുമാണ് പ്രകാശ് ജാവ്ദേക്കര്‍ പ്രതികരിച്ചത്. മലപ്പുറത്ത് ആനയെ കൊന്നത് ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും അന്വേഷണം ശരിയായ രീതിയില്‍ നടത്താനും കുറ്റവാളികളെ പിടികൂടാനും കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുമെന്നും മന്ത്രി വ്യക്തമാക്കി. പടക്കം തീറ്റിച്ച് കൊലപ്പെടുത്തൽ ഇന്ത്യന്‍ സംസ്കാരമല്ലെന്നുകൂടി ജാവ്ദേക്കര്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് വിശന്ന ആനക്ക് പടക്കം വെച്ച പൈനാപ്പിള്‍ കൊടുത്തു കൊന്നു എന്ന നിലയില്‍ ഒരാള്‍ ഫേസ്ബുക്കിലെഴുതിയത് പരിശോധിക്കാതെ അപ്പടി വാര്‍ത്തയാക്കിയ എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍ ഷൈലജ വര്‍മ രണ്ടു ദിവസത്തെ വിവാദത്തിനൊടുവില്‍ വ്യാഴാഴ്ച ക്ഷമാപണം നടത്തി.
ഫോറസ്റ്റ് ഓഫിസര്‍ മോഹന്‍ കൃഷ്ണന് സംഭവത്തെ കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് പരിഗണിക്കുകയോ അദ്ദേഹവുമായി ബന്ധപ്പെടുകയോ ചെയ്യാതെ ചൊവ്വാഴ്ച അവര്‍ ആദ്യം പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ദേശീയതലത്തില്‍ വലിയ ചര്‍ച്ചയായത്. പടക്കം തീറ്റിച്ച് ആനയെ കൊന്നുവെന്നും സംഭവം നടന്നത് മലപ്പുറത്താണെന്നുമുള്ള എന്‍.ഡി.ടി.വി വാര്‍ത്തക്ക് വലിയ പ്രചാരമാണ് സംഘ്പരിവാര്‍ സമൂഹമാധ്യമങ്ങളിലൂടെ നല്‍കിയത്. വാര്‍ത്ത പ്രചരിച്ച് ഏറെ കഴിഞ്ഞാണ് സംഭവം പാലക്കാട് ജില്ലയിലെ സൈലൻറ്വാലിയിലാണെന്ന് ഷൈലജ വര്‍മ തിരുത്തിയത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.