വ്യത്യസ്ത അഭിപ്രായമുള്ളവർക്ക് ഉത്തരവാദിത്തം നൽകുന്നത് നിഷേധിക്കില്ല –കാരാട്ട്
text_fieldsഹൈദരാബാദ്: ന്യൂനപക്ഷ അഭിപ്രായമുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പാടില്ലെന്ന നിലപാട് സി.പി.എമ്മിന് ഇല്ലെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. രാഷ്ട്രീയ വിഷയങ്ങളില്‍ രഹസ്യ വോട്ടെടുപ്പ് നടത്തുന്ന നടപടിക്രമം പാര്‍ട്ടിക്കില്ല. കേന്ദ്ര കമ്മിറ്റിയുടെ കരട് രാഷ്ട്രീയ പ്രമേയത്തിലും ന്യൂനപക്ഷ അഭിപ്രായത്തിന്മേലും പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ചയുടെ വിവരം മാധ്യമങ്ങളോട് വിശദീകരിക്കവേ ഉയര്‍ന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കാരാട്ട്.
പാര്‍ട്ടിക്കുള്ളില്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ എപ്പോഴും ഭൂരിപക്ഷ, ന്യൂനപക്ഷ അഭിപ്രായങ്ങള്‍ ഉണ്ടാവാറുണ്ട്. അത് സ്വാഭാവികമായ കാര്യമാണ്. ഏത് പാര്‍ട്ടി അംഗത്തിനും ഉചിതമായ വേദിയില്‍ അഭിപ്രായം പ്രകടിപ്പിക്കാം. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയർന്നുവന്നാല്‍ വോട്ടെടുപ്പിലൂടെ കൂട്ടായി തീരുമാനം എടുത്തു കഴിഞ്ഞാല്‍ അത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനം ആയി മാറുന്ന തരത്തിലുള്ള സംഘടനാ സംവിധാനമാണ് സി.പി.എമ്മിേൻറത്. ഏതെങ്കിലും വ്യക്തിക്കോ പ്രതിനിധിക്കോ എന്ത് അഭിപ്രായം ഉണ്ടായാലും പാര്‍ട്ടി തീരുമാനം എടുത്ത് കഴിഞ്ഞാല്‍ പിന്നെ ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വേര്‍തിരിവില്ല. ഇതിെൻറ അടിസ്ഥാനത്തില്‍ ആണ് പാര്‍ട്ടി കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതും ഉത്തരവാദിത്തങ്ങള്‍ നിശ്ചയിക്കുന്നതും. ന്യൂനപക്ഷ അഭിപ്രായം ഉണ്ടായിരുന്നു എന്ന് പറഞ്ഞ് ആര്‍ക്കും ഉത്തരവാദിത്തം നല്‍കുന്നത് നിഷേധിക്കാറില്ല.
കരട് രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നല്കുന്നതില് വോട്ടെടുപ്പ് പാര്‍ട്ടി ഭരണഘടന പ്രകാരമേ നടക്കൂ. കരട് പ്രമേയത്തിന്മേല് രഹസ്യ വോട്ടെടുപ്പ് നടന്ന സംഭവം പാര്‍ട്ടി കോണ്‍ഗ്രസില്‍ മുമ്പ് ഉണ്ടായിട്ടില്ല. ഭരണഘടന പ്രകാരം കേന്ദ്ര കമ്മിറ്റിയെയും മറ്റ് കീഴ്ഘടകങ്ങളെയും സമ്മേളനത്തിലും പാര്‍ട്ടി കോണ്‍ഗ്രസിലും തെരഞ്ഞെടുക്കുന്നതിലാണ് രഹസ്യ വോട്ടെടുപ്പ് നടക്കുന്നത്. സമവായത്തിലാണ് പുതിയ കേന്ദ്ര കമ്മിറ്റി(സി.സി)യെ തെരഞ്ഞെടുക്കുന്നത് എങ്കില്‍ വോട്ടെടുപ്പ് ഉണ്ടാവില്ല. പാര്‍ട്ടി ഭരണഘടന രാജ്യത്തിെൻറ ഭരണഘടന പോലെയല്ല.
രാഷ്ട്രീയ സംഘടനാ നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സി.പി.എം ഭരണഘടന. രാഷ്ട്രീയ വിഷയങ്ങളില്‍ തീരുമാനം എടുക്കാന്‍ തുറന്ന വോട്ടെടുപ്പ് -എഴുന്നേറ്റുനിന്ന് കൈപൊക്കുന്നത്- ആണ് പിന്തുടരുന്നത്. പുതിയ കേന്ദ്ര കമ്മിറ്റിയാവും പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്. ജനറല്‍ സെക്രട്ടറിതന്നെ കരട് പ്രമേയം അവതരിപ്പിക്കുക എന്ന നിലയില്ല. ഇ.എം.എസ് ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ സുര്‍ജിത് സിങ് കരട് പ്രമേയം അവതരിപ്പിച്ചിരുന്നുവെന്നും കാരാട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.