അറസ്റ്റിലായ ഉമർഖാലിദിന് പിന്തുണയുമായി പ്രകാശ്രാജും സ്വരഭാസ്കറും
text_fieldsഡൽഹി കലാപത്തിൻെറ പേരിൽ ഗൂഡാലോചനക്കുറ്റം ആരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ജെ.എൻ.യു മുൻ വിദ്യാർഥി ഉമർ ഖാലിദിന് പിന്തുണയുമായി അഭിനേതാക്കളും ആക്റ്റിവിസ്റ്റുകളുമായ പ്രകാശ് രാജും സ്വര ഭാസ്കറും രംഗത്ത്.
നാണക്കേടെന്നാണ് അറസ്റ്റ് നടപടിയെ പ്രകാശ്രാജ് വിശേഷിപ്പിച്ചത്. എതിരഭിപ്രായം പറയുന്നവരെ വേട്ടയാടുന്നതിനെതിരെ ഇപ്പോൾ നമ്മൾ ശബ്ദം ഉയർത്തിയില്ലെങ്കിൽ പിന്നീട് നമുക്ക് ലജ്ജിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നുമുതലാണ് തെരുവിലെ സമാധാനപരമായ പ്രതിഷേധങ്ങൾ ജനാധിപത്യത്തില്‍ കുറ്റമായതെന്നും സമരങ്ങൾ കുറ്റമായി പ്രഖ്യാപിച്ചിട്ടുണ്ടോ എന്നും ചോദിക്കുന്ന പോസ്റ്റര്‍ പ്രകാശ്രാജ് ഫേസ്ബുക്കിൽ പങ്കുവെച്ചു. സ്റ്റാൻറ് വിത്ത് ഉമർഖാലിദ് എന്ന തലക്കെട്ടിലുള്ള പോസ്റ്ററാണ് പ്രകാശ് രാജ് പങ്കുവെച്ചത്.
ഫ്രീ ഉമർഖാലിദ് എന്ന തലക്കെട്ടിലുള്ള പോസ്റ്ററാണ് സ്വര ഭാസ്കർ ട്വിറ്ററിൽ പങ്കുവെച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തിട്ടുള്ളത്.
ജെ.എന്‍.യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യു.എ.പി.എ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.
കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.
അതേസമയം, തനിക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കമുണ്ടെന്നും ഇതിനായി കള്ളമൊഴി നൽകാൻ പൊലീസ് പലരെയും നിർബന്ധിക്കുന്നുണ്ടെന്നും കാണിച്ച് ഉമർഖാലിദ് നേരത്തെ പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിൽ പൊലീസ് നടപടി ഒന്നും എടുത്തിരുന്നില്ല. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർക്കെതിരെയും ഡൽഹി കലാപത്തിൻെറ ഗൂഡാലോചന കുറ്റം ഡൽഹി പൊലീസ് ചാർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.