'മഴ നനയുന്നത് മനോഹരമാണ്, എന്നാൽ 2014ന് ശേഷം നിർമിച്ച പാലത്തിലോ വിമാനത്താവളത്തിലോ പോകരുത്'; ബി.ജെ.പിയെ പരിഹസിച്ച് പ്രകാശ് രാജ്
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യയിലെ ശക്തമായ മഴയിൽ വിമാനത്താവളത്തിന്‍റെ ടെർമിനലും, പാലങ്ങളും പൊളിഞ്ഞുവീഴുന്ന വാർത്ത പ്രചരിച്ചതോടെ ബി.ജെ.പിയെ പരിഹസിച്ച് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. മഴ നനയുന്നത് ആസ്വാദ്യകരമായ കാര്യമാണെങ്കിലും 2014ന് ശേഷം ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിലോ, പാലത്തിലോ, ആശുപത്രികളിലോ പോകരുതെന്നാണ് അദ്ദേഹത്തിന്‍റെ പരിഹാസം. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
"മൺസൂൺ മുന്നറിയിപ്പ്: മഴ നനയുന്നത് മനോഹരമാണ്. എന്നാൽ 2014ന് ശേഷം നിർമിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങൾ, ആശുപത്രികൾ, വിമാനത്താവളങ്ങൾ, ദേശീയപാതകൾ, ട്രെയിനുകൾ, പാലങ്ങൾ എന്നിവയുടെ അടുത്തേക്ക് പോകരുത്. ജാഗ്രത പുലർത്തണം", അദ്ദേഹം എക്സിൽ കുറിച്ചു.
ബി.ജെ.പി-എൻ.ഡി.എ സർക്കാർ കോടികൾ മുടക്കി നിർമിച്ച വമ്പൻ പദ്ധതികളിൽപ്പെട്ടവയാണ് പൊളിഞ്ഞുവീണവയിൽ പലതും. ബിഹാറിൽ മഴ കനത്തതോടെ ഇതുവരെ പത്ത് പാലങ്ങളായി നിലംപതിച്ചത്. രണ്ടാഴ്ചക്കിടെയാണ് സംസ്ഥാനത്തെ പത്ത് പാലങ്ങൾ തകർന്നത്. 24 മണിക്കൂറിനിടെ രണ്ട് പാലങ്ങൾ തകർന്ന സരണിലാണ് വ്യാഴാഴ്ച വീണ്ടും പാലം തകർന്നതെന്ന് ജില്ല മജിസ്ട്രേറ്റ് അമൻ സമീർ പറഞ്ഞു. ബുധനാഴ്ച സരണിലെ ജന്ത ബസാറിലും ലഹ്ലാദ്പുരിലും പാലങ്ങൾ തകർന്നിരുന്നു. കഴിഞ്ഞ 16 ദിവസത്തിനിടെ സിവാൻ, സരൺ, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച് ജില്ലകളിലായി 10 പാലങ്ങളാണ് തകർന്നത്.
കഴിഞ്ഞയാഴ്ച ഡൽഹി വിമാനത്താവളത്തിന്‍റെ മേൽക്കൂര തകർന്നുവീണിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യപ്രദേശിലും ഗുജറാത്തിലും വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണിരുന്നു.
അടുത്തിടെ ഉദ്ഘാടനം ചെയ്ത വിവാദമായ അയോധ്യ രാമക്ഷേത്രത്തിലെ ചോർച്ചയും ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ രൂപപ്പെട്ട കുഴികളും വലിയ ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.