ഗോവയിൽ പ്രമോദ് സാവന്ത് ഇന്ന് വിശ്വാസവോട്ട് തേടും
text_fieldsമുംബൈ: ചൊവ്വാഴ്ച പുലർച്ചെ അധികാരമേറ്റ ഗോവയിലെ പ്രമോദ് സാവന്ത് മന്ത്രിസഭ ബുധ നാഴ്ച നിയമസഭയിൽ വിശ്വാസ വോട്ട് തേടും. ഒരാഴ്ചക്കകം വകുപ്പുകൾ തീരുമാനിക്കുമെ ന്നും പ്രമോദ് സാവന്ത് പറഞ്ഞു. 40 അംഗ സഭയിൽ നിലവിൽ 36 പേരാണുള്ളത്. ഇതിൽ 21 പേരുടെ പിന്തുണ സർക്കാറിനുണ്ടെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
മനോഹർ പരീകർക്കു ശേഷം ഗോവയിൽ ബി.ജെ.പി ഭരണത്തുടർച്ച ഉറപ്പാക്കിയത് 28 മണിക്കൂർ നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിലായിരുന്നു. ആർ.എസ്.എസ് ബന്ധമുള്ള ഡോ. പ്രമോദ് സാവന്തിനെ നിയമസഭ കക്ഷി നേതാവായി ബി.ജെ.പി കണ്ടെത്തിയെങ്കിലും സഖ്യകക്ഷികളും സ്വതന്ത്രരും ആദ്യം അംഗീകരിച്ചില്ല. മുഖ്യനാകാൻ ശ്രമിച്ച മൂന്നംഗങ്ങളുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.ജി.പി) എം.എൽ.എ സുദിൻ ധാവലികർ പിണങ്ങിപ്പോയി. പിന്നീട് ചർച്ചകൾക്കും പരീകറുടെ സംസ്കാര ചടങ്ങുകൾക്കും സുദിൻ ധാവലിക്കറും എം.ജി.പി അധ്യക്ഷൻ ദീപക് ധാവലിക്കറും പോയില്ല. എന്നാൽ, പാർട്ടി എം.എൽ.എമാർ മനോഹർ അസഗവങ്കറും ദീപക് പവസ്കറും സജീവമായിരുന്നു. മൂന്ന് സ്വതന്ത്രന്മാർ ഒപ്പം നിന്നതോടെ ഗോവ ഫോർവേഡ് പാർട്ടി (ജി.എഫ്.പി) അധ്യക്ഷൻ വിജയ് സർദേശായി കരുത്താർജിക്കുകയും ചെയ്തു. സാവന്തിനെ അംഗീകരിക്കുന്നില്ലെങ്കിൽ പിരിച്ചുവിടാം എന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിലപാട് കടുപ്പിച്ചതോടെ സർദേശായിയും ധാവലിക്കറും ഉപാധികളോടെ വഴങ്ങി. ഇരുവർക്കും ഉപമുഖ്യമന്ത്രിപദം വേണമെന്ന ഉപാധി തള്ളിയ ഗഡ്കരി ഒരു ഉപമുഖ്യനാകാമെന്ന് സമ്മതിച്ചു. ധാവലിക്കർ വീണ്ടും പിണങ്ങി.
ഉപ മുഖ്യമന്ത്രി പദം ഉറപ്പാക്കിയ സർദേശായി പിന്തുണ അറിയിച്ചു. അതോടെ, എം.ജി.പിയുടെ രണ്ട് എം.എൽ.എമാരെ കൂറുമാറ്റാൻ ശ്രമമായി. സർദേശായിയെ ഉപയോഗിച്ചായിരുന്നു ബി.ജെ.പി നീക്കം. ഒടുവിൽ അമിത് ഷാ ഇടപെട്ട് രണ്ട് ഉപമുഖ്യമന്ത്രി പദത്തിന് വഴങ്ങുമ്പോഴേക്കും തിങ്കളാഴ്ച അർധരാത്രി കഴിഞ്ഞിരുന്നു. സഖ്യകക്ഷികളുടെ കത്തുമായി പ്രമോദ് സാവന്ത് രാജ്ഭവനിൽ എത്തുന്നത് രാത്രി 12.30ഒാടെ. നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച പുലർച്ചെ 2.48ന് സത്യപ്രതിജ്ഞ. ചരിത്രത്തിൽ ആദ്യമായി രാജ്യത്ത് അർധരാത്രിക്കു ശേഷം ഒരു സർക്കാർ അധികാരമേറ്റു. പരീകറുടെ മരണ ശേഷം താൽക്കാലിക മുഖ്യനെ പ്രഖ്യാപിക്കാനാകാത്ത ബി.ജെ.പിക്ക് പുലരും മുമ്പ് സർക്കാർ അധികാരമേൽക്കേണ്ടത് അനിവാര്യമായിരുന്നു. മുഖ്യനായി സാവന്തും ഉപമുഖ്യരായി ധാവലിക്കറും സർദേശായിയും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ മന്ത്രിമാരായി രണ്ട് ജി.എഫ്.പി, രണ്ട് സ്വതന്ത്ര, ഒരു എം.ജി.പി, മൂന്ന് ബി.ജെ.പി എം.എൽ.എമാരും ചുമതലയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.