ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രാജി സമർപ്പിച്ചു
text_fieldsപനാജി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രാജി സമർപ്പിച്ചു. രാജ് ഭവനിൽ ഗവർണർ പി.എസ് ശ്രീധരൻ പിള്ളക്കാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചത്. പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ പ്രമോദ് സാവന്തിനോട് ഗവർണർ നിർദേശിച്ചു.
അടുത്ത മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കേന്ദ്ര നേതൃത്വം സംസ്ഥാനത്തേക്ക് അയയ്‌ക്കുന്ന നിരീക്ഷകരുടെ നിലപാട് അനുസരിച്ചും നേതാവിന് ലഭിക്കുന്ന പിന്തുണ പരിഗണിച്ചുമായിരിക്കും പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക.
2019ൽ മനോഹർ പരീക്കറിന്‍റെ മരണത്തെ തുടർന്നാണ് പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. നിലവിൽ പ്രമോദിന്‍റെയും ക്യാബിനറ്റ് മന്ത്രി വിശ്വജിത്ത് റാണെയുടേയും പേരുകളാണ് മുഖ്യ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. 2017 ലാണ് കോൺഗ്രസ് വിട്ട് വിശ്വജിത്ത് റാണെ ബി.ജെ.പിയിൽ എത്തിയത്.
തെരഞ്ഞെടുപ്പിൽ 40ൽ 20 സീറ്റുകളാണ് ബി.ജെ.പി നേടിയത്. കോൺഗ്രസ് 11 സീറ്റും ആം ആദ്മി പാർട്ടിയും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയും രണ്ട് സീറ്റ് വീതവും നേടി. കോൺഗ്രസ് സ്ഥാനാർഥി ധർമ്മേഷ് സഗ്ലാനിയയെ 650-ലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രമോദ് സാവന്ത് സാങ്കേലിം മണ്ഡലം നിലനിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.