ഗോവ: എം.ജി.പിക്ക് മന്ത്രിസ്ഥാനം നൽകുന്നതിൽ ബി.ജെ.പിയിൽ അതൃപ്തി
text_fieldsപനജി: ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ പങ്കെടുക്കും. ബി.ജെ.പി ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സന്നിഹിതരാകും.
വടക്കൻ ഗോവയിലെ സാങ്ക്വെലിം മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തിയ പ്രമോദ് സാവന്ത് ഇത് രണ്ടാം തവണയാണ് ഗോവയുടെ മുഖ്യമന്ത്രിയാകുന്നത്. 2017ൽ മനോഹർ പരീക്കർ മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്പീക്കർ ആയിരുന്നു പ്രമോദ് സാവന്ത്. 2019ൽ പരീക്കർ മരിച്ചപ്പോൾ ഈ ആയുർവേദ ചികിത്സകൻ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയായിരുന്നു.
40 അംഗ നിയമസഭയിൽ 20 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. തിങ്കളാഴ്ചയാണ് 25 എം.എൽ.എമാരുടെ പിന്തുണക്കത്തുമായി ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ കണ്ട് പ്രമോദ് സാവന്ത് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദമുന്നയിച്ചത്. മൂന്ന് സ്വതന്ത്ര എം.എൽ.എമാരുടെയും മഹാരാഷ്ട്രവാദി ഗോമണ്ഡക് പാർട്ടിയുടെ (എം.ജി.പി) രണ്ട് എം.എൽ.എമാരുടെയും പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്നത്.
അതേസമയം, എം.ജി.പിയുടെ പിന്തുണ സ്വീകരിച്ചതിൽ ബി.ജെ.പിക്കുള്ളിൽ അതൃപ്തി ഉടലെടുത്തിട്ടുണ്ട്. ബി.ജെ.പിക്കെതിരെ തൃണമൂൽ സഖ്യത്തിൽ മത്സരിച്ച പാർട്ടിയാണ് എം.ജി.പി. എം.ജി.പിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതിലാണ് അതൃപ്തി രൂക്ഷമായിരിക്കുന്നത്. എം.ജി.പി നേതാവ് സുദിൻ ധാവലീക്കർക്ക് ആണ് ബി.ജെ.പി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇതിനെ എതിർക്കുന്ന ബി.ജെ.പി എം.എൽ.എമാർ നക്ഷത്ര ഹോട്ടലിൽ തമ്പടിച്ചത് പാർട്ടിയിൽ അസ്വസ്ഥതക്ക് കാരണമായിട്ടുണ്ട്. പ്രമോദ് സാവന്ത് ഗവർണറെ കണ്ടു സർക്കാറുണ്ടാക്കാൻ അവകാശവാദമുന്നയിച്ച ശേഷമാണ് എം.എൽ.എമാർ നക്ഷത്ര ഹോട്ടലിൽ തമ്പടിച്ചത്. നിലവിൽ സാവന്ത് മന്ത്രിസഭ പട്ടികയിൽ പേരില്ലാത്തവരും മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നവരുമാണ് എതിർപ്പുമായി രംഗത്തുള്ളതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.