മൻമോഹനെ രാഷ്ട്രപതിയാക്കാനുള്ള സോണിയയുടെ ആഗ്രഹം തടഞ്ഞത് പ്രണബ് മുഖർജി; മാധ്യമ പ്രവർത്തകൻ ഗൗതം ലാഹിരിയുടേതാണ് വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: 2012ൽ പ്രണബ് മുഖർജിയുടെ സ്ഥാനത്ത് ഡോ. മൻമോഹൻ സിങ്ങിനെയായിരുന്നു സോണിയ ഗാന്ധി രാഷ്ട്രപതി ആക്കാൻ ആഗ്രഹിച്ചിരുന്നതെന്ന് ഡൽഹി കേന്ദ്രീകരിച്ച മുതിർന്ന ബംഗാളി മാധ്യമ പ്രവർത്തകൻ ഗൗതം ലാഹിരിയുടെ വെളിപ്പെടുത്തൽ. മൻമോഹൻ സിങ് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കട്ടെയെന്ന നിർദേശം സോണിയ പ്രണബ് മുഖർജിയുടെ മുന്നിൽവെച്ചപ്പോൾ അത് േവണ്ടെന്നും താൻ മത്സരിക്കാമെന്നും പ്രണബ് അങ്ങോട്ട് നിർദേശിക്കുകയായിരുന്നു.
മൻമോഹൻ സിങ് പരാജയപ്പെട്ടേക്കുമെന്നും അതേസമയം താൻ മത്സരിച്ചാൽ എൻ.ഡി.എ കക്ഷികളുടെ കൂടി പിന്തുണ ഉറപ്പിക്കാമെന്നും പ്രണബ് മുഖർജി സോണിയയെ ധരിപ്പിച്ചപ്പോൾ അവർ സമ്മതിക്കുകയായിരുന്നുവെന്നും ഈയിടെ പ്രസിദ്ധീകരിച്ച ഗൗതം ലാഹിരിയുടെ ‘പ്രണബ് മുഖർജിയുടെ രാഷ്ട്രീയവും നയതന്ത്രജ്ഞതയും’ എന്ന പുസ്തകത്തിലുണ്ട്.
പ്രതിഭ പാട്ടീലിന്റെ കാലാവധി 2012ൽ അവസാനിക്കുമ്പോൾ ആരെ രാഷ്ട്രപതിയാക്കുമെന്ന ആലോചനയിലായിരുന്നു കോൺഗ്രസ്. എൽ.കെ. അദ്വാനി, നിതീഷ് കുമാർ, ബാൽ താക്കറെ എന്നിവരുടെ പേരുകൾ എൻ.ഡി.എ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി പരിഗണിച്ചുകൊണ്ടിരിക്കുകയായിരുന്നു.
എന്നാൽ, പ്രണബ് മുഖർജിയെ സ്ഥാനാർഥിയാക്കിയാൽ തങ്ങൾ പിന്തുണക്കാമെന്ന് ബി.ജെ.പി സൂചന നൽകിയപ്പോൾ സോണിയ വിഷയം പ്രണബുമായി ചർച്ചചെയ്തു. മൻമോഹൻ സിങ് തോൽക്കുമെന്നും അത് കോൺഗ്രസിന് നാണക്കേടാകുമെന്നും മൻമോഹനെ സ്ഥാനാർഥിയാക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകരുതെന്നും പ്രണബ് സോണിയയോട് പറഞ്ഞു.
അതിന് പകരം തന്നെ സ്ഥാനാർഥിയാക്കിയാൽ താൻ എൻ.ഡി.എയുടെ പിന്തുണ നേടിയെടുക്കാമെന്ന് പ്രണബ് സോണിയക്ക് ഉറപ്പു നൽകി. തുടക്കത്തിൽ പ്രണബിനെ എതിർത്ത മമത ബാനർജി പിന്നീട് പിന്തുണക്കാൻ തീരുമാനിച്ചെന്നും ഗൗതം ലാഹിരി എഴുതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.