പ്രണബ് മുഖർജി മരിച്ചപ്പോൾ കോൺഗ്രസ് വർക്കിങ് കമ്മിറ്റി വിളിച്ചില്ല; വിമർശിച്ച് മകൾ
text_fieldsന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മരിച്ചപ്പോൾ കോൺഗ്രസ് വർക്കിങ് കമിറ്റി വിളിക്കാത്ത തീരുമാനത്തെ വിമർശിച്ച് മകൾ ശർമിഷ്ത മുഖർജി. എക്സിലൂടെയായിരുന്നു അവരുടെ വിമർശനം.
പ്രണബ് മുഖർജിയുടെ മരണത്തിന് ശേഷം കോൺഗ്രസ് വർക്കിങ് കമിറ്റി വിളിക്കണമെന്ന ചിന്ത ആർക്കുമുണ്ടായിരുന്നില്ലെന്ന് ശർമിഷ്ത മുഖർജി പറഞ്ഞു. 2020ലാണ് പ്രണബ് മുഖർജി അന്തരിച്ചത്. എന്നാൽ, അദ്ദേഹത്തിന് വേണ്ടി യോഗം വിളിക്കാൻ ആരുമുണ്ടായില്ലെന്ന് ശർമിഷ്ത വ്യക്തമാക്കി.
പിതാവ് മരിച്ചപ്പോൾ അനുശോചനം അറിയിക്കാനായി ആരും യോഗം വിളിച്ചില്ല. രാജ്യത്തിന്റെ നാല് പ്രസിഡന്റുമാർ മരിച്ചപ്പോഴും അതുണ്ടായില്ല. എന്നാൽ, പിന്നീട് പിതാവിന്റെ ഡയറിയിൽ നിന്ന് ഇത് തെറ്റാണെന്ന് മനസിലാക്കാൻ സാധിച്ചു. മുമ്പ് കെ.ആർ നാരായണൻ മരിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകസമിതി വിളിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തുവെന്ന് മനസിലായെന്നും ശർമിഷ്ത മുഖർജി പറഞ്ഞു.
മൻമോഹൻ സിങ്ങിന് വേണ്ടി മെമ്മോറിയൽ എന്നത് നല്ലൊരു ആശയമാണ്. ഭാരതരത്ന പുരസ്കാരം കൂടി മൻമോഹൻ അർഹിക്കുണ്ട്. തന്റെ പിതാവും മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണമെന്ന അഭിപ്രായക്കാരനായിരുന്നു. എന്നാൽ, അത് സംഭവിച്ചില്ല. എന്തുകൊണ്ടാണ് മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകാതിരുന്നതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൻമോഹൻ സിങ്ങിന്റെ ഭൗതികദേഹം ശനിയാഴ്ച ഡൽഹിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. രാവിലെ 8.30ന് കോൺഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. തുടർന്ന് 9.30ന് സംസ്കാരസ്ഥലമായ നിഗംബോധ് ഘട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.
ഡല്‍ഹിയിലെ വസതിയിൽ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മന്‍മോഹന്‍ സിങ്ങിന്‍റെ ഭൗതിക ശരീരത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അതിഷി, അരവിന്ദ് കെജ്രിവാൾ, പ്രിയങ്ക ഗാന്ധി, പ്രകാശ് കാരാട്ട്, കെ.സി. വേണുഗോപാൽ തുടങ്ങി പ്രമുഖരുടെ നീണ്ടനിര ആദരമർപ്പിച്ചു. സൈന്യം മുൻ പ്രധാനമന്ത്രിയുടെ ഭൗതികശരീരത്തിൽ ദേശീയപതാക പുതപ്പിച്ചു.
മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മികച്ച രാഷ്ട്രതന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയുമാണെന്ന് നഷ്ടമായതെന്ന് യോഗത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.