സ്ത്രീയെ ആക്രമിച്ച ബി.ജെ.പി കൗൺസിലർക്ക് സ്ത്രീ സുരക്ഷാ പുരസ്കാരം; യോഗി ഭരണത്തിൽ മാത്രം സാധ്യമെന്ന് പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതിയായ ബി.ജെ.പി കൗൺസിലർക്ക് യു.പി സർക്കാർ സ്ത്രീ സുരക്ഷാ പുരസ്കാരം നൽകിയതിനെ പരിഹസിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ബലാത്സംഗവും കൊലപാതകങ്ങളും ഗുണ്ടാ അതിക്രമവും നിറഞ്ഞ യോഗി ഭരണത്തിൽ മാത്രം സാധ്യമാകുന്ന ഒന്നാണിതെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
സ്ത്രീയെ ആക്രമിക്കുകയും സ്ഥലത്ത് അതിക്രമിച്ചു കയറുകയും ചെയ്ത കേസിൽ പ്രതിയായ ഹാഥറസിലെ ബി.ജെ.പി കൗൺസിലർ ബബിത വർമക്കാണ് പുരസ്കാരം ലഭിച്ചത്. ഇവർ ഒരു സ്ത്രീയുടെ താമസ സ്ഥലത്തേക്ക് അതിക്രമിച്ച് കടന്ന് അവരെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഇവർക്കെതിരെ കേസെടുത്തതായി ജില്ല മജിസ്ട്രേറ്റ് അറിയിച്ചിരുന്നു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച 'മിഷൻ ശക്തി' സ്ത്രീസുരക്ഷാ പുരസ്കാരമാണ് ബബിത വർമക്ക് ലഭിച്ചത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് മികച്ച സംഭാവന നൽകിയതിനാണ് ബബിത വർമക്ക് പുരസ്കാരം ലഭിച്ചത്. അതേസമയം, രുക്മിണി എന്ന സ്ത്രീയെ ഇവർ മർദിക്കുന്ന ദൃശ്യങ്ങൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടം ആളുകൾ ചേർന്ന് വീട്ടുമതിൽ പൊളിച്ചു നീക്കുന്നത് രുക്മിണി തടയുന്നതിനിടെയാണ് കൗൺസിലറുടെ മർദനം.
വിഡിയോ ശ്രദ്ധയിൽപെട്ട ജില്ല മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്സ്കാർ ബബിത വർമക്കും കൂട്ടാളികൾക്കും എതിരെ അതിക്രമിച്ചു കയറിയതിനും മർദനത്തിനും കേസെടുത്തതായി സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.
ബബിത വർമക്ക് പുരസ്കാരം സമ്മാനിക്കുമ്പോൾ ഇവർക്കെതിരെ കേസെടുത്ത ജില്ല മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്സ്കാറും വേദിയിലുണ്ടായിരുന്നു എന്നതാണ് രസകരം.
നേരത്തെ, ഹാഥറസ് പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നതിലൂടെ വിവാദ കേന്ദ്രമായ വ്യക്തിയാണ് ജില്ല മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്സ്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.