ഉപാധികൾ അംഗീകരിക്കാനാകില്ല; പ്രശാന്ത് കിഷോർ കോൺഗ്രസിലേക്കില്ല
text_fieldsന്യൂഡൽഹി: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഒടുവിൽ കോൺഗ്രസിലേക്കില്ലെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. 2024ലെ പൊതുതെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിന് കോൺഗ്രസും പ്രശാന്ത് കിഷോറും നടത്തിയ ചർച്ചകൾക്ക് ഇതോടെ അന്ത്യമായി. താൻ ആഗ്രഹിച്ച പോലെ തീരുമാനങ്ങളിൽ പൂർണ അധികാരം നൽകാൻ തയാറാകാതിരുന്ന കോൺഗ്രസ് 2024ലെ തെരഞ്ഞെടുപ്പിനായി രൂപവത്കരിച്ച ഉന്നത കർമ സമിതിയുടെ ഭാഗമാകാൻ നടത്തിയ ക്ഷണമാണ് പ്രശാന്ത് കിഷോർ തള്ളിയത്.
പ്രശാന്തിന്‍റെ പാർട്ടി പ്രവേശനത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടാവുകയും പലരും പരസ്യമായി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തതിനിടയിലാണ് ക്ഷണം തള്ളിയ കാര്യം കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വിറ്ററിൽ അറിയിച്ചത്. പിന്നാലെ പ്രശാന്തും ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു.
2024 ലോക്സഭ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ പ്രശാന്ത് കിഷോർ തയാറാക്കിയ നയ രൂപരേഖ പഠിക്കാൻ കോൺഗ്രസ് എട്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. ആ സമിതി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉന്നത കർമ സമിതിക്ക് രൂപം നൽകുകയും അതിന്‍റെ ഭാഗമായി കോൺഗ്രസിൽ ചേരാൻ പ്രശാന്തിനോട് ആവശ്യപ്പെടുകയുമായിരുന്നു. പ്രശാന്തിനെ കോൺഗ്രസിലേക്ക് ക്ഷണിച്ചുവെങ്കിലും അദ്ദേഹം നിരസിച്ചുവെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല അറിയിച്ചു.
കർമസമിതിയുടെ ഭാഗമായി പാർട്ടിയിൽ ചേരാനും 2024ലെ തെരഞ്ഞെടുപ്പിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുമുള്ള കോൺഗ്രസിന്‍റെ ഉദാരമായ വാഗ്ദാനം താൻ നിരസിച്ചുവെന്ന് പ്രശാന്ത് കിഷോർ ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.