പ്രശാന്ത് കിഷോറിന്‍റെ ജൻ സൂരജ് കാമ്പയിൻ രാഷ്ട്രീയ പാർട്ടിയാകും; ലക്ഷ്യം 2025ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്
text_fieldsപട്ന: രാഷ്ട്രീയ നിരീക്ഷകൻ പ്രശാന്ത് കിഷോറിന്‍റെ ജൻ സൂരജ് കാമ്പയിൻ രാഷ്ട്രീയ പാർട്ടിയാകും. പ്രശാന്ത് കിഷോറും നിരവധി പ്രവർത്തകരും പങ്കെടുത്ത സെമിനാറിനും ഇന്‍ററാക്ഷൻ പ്രോഗ്രാമിനും ശേഷമാണ് തീരുമാനം. ഒക്‌ടോബറിൽ ജൻ സൂരജ് രാഷ്ട്രീയ പാർട്ടിയാകുമെന്നും ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
"ഒക്ടോബർ രണ്ടിന് ജൻ സൂരജ് കാമ്പയിൻ രാഷ്ട്രീയ പാർട്ടിയായി മാറും. ജൻ സൂരജ് പാർട്ടി എന്നറിയപ്പെടും. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 243 സീറ്റുകളിലും മത്സരിക്കും. മറ്റെല്ലാ പാർട്ടികളെയും പരാജയപ്പെടുത്തി സ്വന്തം സർക്കാർ രൂപീകരിക്കും” -സെമിനാറിന്‍റെ അവസാനം പ്രശാന്ത് കിഷോർ പറഞ്ഞു.
2022 ഒക്ടോബർ രണ്ടിന് ആരംഭിച്ച കാമ്പയിനിന്‍റെ ഭാഗമായ എല്ലാ ജനങ്ങളുടെയും ഏകകണ്ഠമായ ആഗ്രഹത്തിന് അനുസൃതമായാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനമെന്നും കിഷോർ വ്യക്തമാക്കി. പാർട്ടിയുടെ സംഘടന ഘടനയിലും നിയമസഭ ടിക്കറ്റ് വിതരണത്തിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും ആളുകൾക്ക് അവരുടെ ജനസംഖ്യ അനുസരിച്ച് മതിയായ പ്രാതിനിധ്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ പാർട്ടിയുടെ ഭരണഘടന രൂപീകരിക്കാൻ കമ്മിറ്റി രൂപീകരിച്ച് അതിന്‍റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബൂത്ത്, പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ ജൻ സൂരജ് സംഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.