‘മോദിയുടെ ജനപ്രീതി കുറഞ്ഞു; കേന്ദ്ര സർക്കാറിന്‍റെ നിലനിൽപ്പ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെ ആശ്രയിച്ചിരിക്കും’
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സർക്കാറിന്‍റെയും ജനപ്രീതി കുറഞ്ഞുവെന്നും സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമോ എന്ന കാര്യം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെ ആശ്രയിച്ചിരിക്കുമെന്നും രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കാനായാൽ എൻ.ഡി.എ അധികാരത്തിൽ തുടരുമെന്നും പ്രശാന്ത് കിഷോർ പറയുന്നു.
“മോദിയുടെയും അദ്ദേഹം നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാറിന്‍റെയും ജനപ്രീതിയും അധികാരം കുറഞ്ഞുവെന്നത് വ്യക്തമാണ്. സർക്കാറിന്‍റെ നിലനിൽപ്പ് ഒമ്പത് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ആശ്രയിച്ചിരിക്കും. അടുത്ത രണ്ടര വർഷത്തിനുള്ളിൽ ജമ്മു കശ്മീർ, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങിലെല്ലാം തെരഞ്ഞെടുപ്പ് നടക്കും. ഫലം ബി.ജെ.പിക്ക് എതിരാണെങ്കിൽ സർക്കാറിന്‍റെ നിലനിൽപ്പ് ചോദ്യംചെയ്യപ്പെടും. എന്നാൽ ഇവിടങ്ങളിൽ അവർക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ, അധികാരത്തിൽ തുടരും.
ബിഹാറിൽ അധികാരം പിടിക്കാനാവില്ലെന്ന് ബി.ജെ.പി പ്രവർത്തകർക്ക് തന്നെ അറിയാമെന്നും പ്രശാന്ത് കിഷോർ പറയുന്നു. ബി.ജെ.പിക്ക് സംസ്ഥാനത്ത് നേതൃത്വമോ നല്ല നേതാക്കളോ ഇല്ല. നിതീഷ് കുമാറിനു മുന്നിൽ അവരുടെ നേതൃത്വം കീഴടങ്ങിയിരിക്കുകയാണ്. നിതീഷ് കുമാറിന്‍റെ പേരിൽ വിജയിക്കാനാവില്ലെന്ന് ഓരോ ബി.ജെ.പി പ്രവർത്തകനും അറിയാം. കേന്ദ്രത്തിൽ ജെ.ഡി.യുവുമായി സഖ്യത്തിലിരിക്കെ ബിഹാർ മുഖ്യമന്ത്രിയായി അവർക്ക് നിതീഷിനെ നിലനിർത്താതെ മറ്റുമാർഗമില്ല” -പ്രശാന്ത് കിഷോർ പറഞ്ഞു.
നിതീഷ് കുമാറിന്‍റെ ജെ.ഡി.യു, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ ടി.ഡി.പി എന്നിവയുടെ പിന്തുണയോടെയാണ് എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തിയത്. സർക്കാർ അഞ്ച് വർഷം തികക്കുമോ എന്ന ചോദ്യം നിലനിൽക്കെയാണ് പ്രശാന്ത് കിഷോറിന്‍റെ നിരീക്ഷണങ്ങൾ. ബിഹാറിലെ 243 അംഗ നിയമസഭയിലേക്ക് 2025 നവംബറിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ജെ.ഡി.യു, എൽ.ജെ.പി എന്നീ പാർട്ടികൾക്കൊപ്പം സഖ്യമായാണ് ബി.ജെ.പി മത്സരിക്കുന്നത്. ആർ.ജെ.ഡി, സി.പി.എം പിന്തുണയോടെയാവും കോൺഗ്രസ് മത്സരിക്കുക. പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജ് പാർട്ടിയും തെരഞ്ഞെടുപ്പിൽ മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.