എന്തുകൊണ്ട് സ്കൂൾ ബാഗ് തെരഞ്ഞെടുപ്പ് ചിഹ്നമായി; വിശദീകരിച്ച് പ്രശാന്ത് കിഷോർ
text_fieldsപട്ന: ബിഹാർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പ്രശാന്ത് കിഷോറിന്റെ ജൻ സുരാജിന് തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ച ചിഹ്നം സ്കൂൾ ബാഗ് ആണ്. ആ ചിഹ്നം സ്വീകരിക്കാനുള്ള കാരണത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ 35 വർഷക്കാലം ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ബിഹാർ മാറിമാറി ഭരിച്ചപ്പോൾ സംസ്ഥാനത്തെ കുട്ടികളുടെ പുറത്ത് നിന്ന് സ്കൂൾ ബാഗുകൾ അപ്രത്യക്ഷമായി എന്ന് ഗയയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം സൂചിപ്പിച്ചു.
സ്കൂൾ ബാഗുകൾ നീക്കം ചെയ്ത് പകരം കുട്ടികളുടെ പുറത്ത് തൊഴിൽ ചാക്കുകൾ എടുത്തുകയറ്റി. ബിഹാറിലെ ജനങ്ങളുടെ ദാരിദ്ര്യമകറ്റാനുള്ള ഏകമാർഗം സ്കൂൾ ബാഗ് ആണെന്നാണ് ജൻ സുരാജ് പാർട്ടി കരുതുന്നത്. സ്കൂളിൽ പോയി പഠിച്ച് വിദ്യാഭ്യാസമുണ്ടായാൽ മാത്രമേ തൊഴിലുകൾ ചെയ്യാൻ പ്രാപ്തിയുണ്ടാകൂ. അതുവഴി ബിഹാറിലെ കുടിയേറ്റം അവസാനിപ്പിക്കാനും സാധിക്കും. വിദ്യാഭ്യാസത്തിലൂടെ മാത്രമേ വികസനം സാധ്യമാവുകയുള്ളൂ. ദാരിദ്ര്യം നിർമാർജനം ചെയ്യാൻ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസത്തിന്റെ ചിഹ്നമാണ് സ്കൂൾ ബാഗ്. അതിനാലാണ് സ്കൂൾ ബാഗ് പാർട്ടി ചിഹ്നമായി സ്വീകരിച്ചത്. -പ്രശാന്ത് കിഷോർ പറഞ്ഞു.
ബിഹാർ ഉപതെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിയും മത്സരരംഗത്തുണ്ട്. നാലു മണ്ഡലങ്ങളിലാണ് സുരാജ് മത്സരിക്കുന്നത്. ബെലഗഞ്ചിൽ മുഹമ്മദ് അംജദ്, ഇമാംഗഞ്ചിൽ ജിതേന്ദ്ര പാസ്വാൻ, രാംഗഢിൽ സുഷിൽ കുമാർ സിങ് കുഷ്വാഹ, തരാരിയിൽ നിന്ന് കിരൺ എന്നിവരാണ് ജൻ സുരാജ് സ്ഥാനാർഥികൾ. നവംബർ 13നാണ് ഈ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ്. നവംബർ 23ന് ഫലമറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.