പുതിയ പാർട്ടി ഇല്ല; ബിഹാറിൽ പദയാത്രക്ക് പ്രശാന്ത് കിഷോർ
text_fieldsന്യൂഡൽഹി: പുതിയ പാർട്ടി തൽക്കാലമില്ലെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നിരീക്ഷകൻ പ്രശാന്ത് കിഷോർ. ബിഹാറിൽ ഭരണമാറ്റം കൊണ്ടുവരാൻ ശ്രമിക്കും. അതിനായി 3,000 കിലോമീറ്റർ നീളുന്ന പദയാത്രക്ക് ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും.
കഴിയുന്നത്ര ജനങ്ങളുമായി സമ്പർക്കം പുലർത്തി പുതിയ ചിന്താധാരയിലേക്ക് ആകർഷിക്കാനാണ് ശ്രമിക്കുകയെന്ന് പ്രശാന്ത് കിഷോർ വിശദീകരിച്ചു. ബിഹാറിൽ ഉടനൊന്നും തെരഞ്ഞെടുപ്പ് നടക്കാനില്ല. അതുകൊണ്ടു തന്നെ രാഷ്ട്രീയ പാർട്ടി തൽക്കാലം പദ്ധതിയിലില്ല. ശൂന്യതയിൽ നിന്ന് തുടങ്ങാനാണ് ഒരുങ്ങുന്നത്. നല്ല ഭരണമെന്ന ആശയം മുന്നോട്ടുവെച്ച് മൂന്നു നാലു വർഷം ജനങ്ങളുമായി ഇടപഴകും. ബിഹാറിൽ 15 വർഷമായി കാര്യങ്ങളൊന്നും ശരിയായി നടക്കുന്നില്ലെന്ന് അന്നാട്ടുകാരനായ പ്രശാന്ത് കിഷോർ പറഞ്ഞു.
അതിൽ മാറ്റം വരണം. ഭാവിയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യമുണ്ടെന്ന് കണ്ടാൽ, അത് പ്രശാന്ത് കിഷോറിന്റെ പാർട്ടിയായിരിക്കില്ല; ജനങ്ങളുടെ പാർട്ടിയായിരിക്കും. ബിഹാറിലെ 90 ശതമാനവും പുതിയ ചിന്താധാര ആവശ്യപ്പെടുന്നവരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസുമായുള്ള ചർച്ചകൾ മുടങ്ങിയതിനു പിന്നാലെയുള്ള രാഷ്ട്രീയ നീക്കം കോൺഗ്രസിനെതിരെയല്ലെന്ന സന്ദേശവും പ്രശാന്ത് കിഷോർ നൽകി. രാഹുൽ ഗാന്ധിയുമായി അസുഖകരമായി ഒന്നുമില്ല. രാഹുൽ വലിയ മനുഷ്യനാണ്. ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് താൻ വരുന്നത്. അദ്ദേഹത്തിന് സമനല്ല താൻ. പരസ്പരം വിശ്വാസ രാഹിത്യവുമില്ല -പ്രശാന്ത് കിഷോർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.