പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരും? ഗാന്ധി കുടുംബവുമായുള്ള ചർച്ചക്കുപിന്നാലെ അഭ്യൂഹം ശക്തം
text_fieldsന്യൂഡൽഹി: രാജ്യത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം. പശ്ചിമ ബംഗാളിൽ എല്ലാ കണക്കുകൂട്ടലുകളും കാറ്റിൽപറത്തി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് തകർപ്പൻ വിജയം നേടിക്കൊടുത്തതടക്കം വിവിധ കക്ഷികളെ അധികാരത്തിന്‍റെ വഴിയിലേക്ക് ആനയിക്കുന്നതിൽ പ്രശാന്തിന്‍റെ തന്ത്രങ്ങൾ ഏറെ നിർണായകമായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ 'വിലപിടിപ്പുള്ള' ഈ ചാണക്യൻ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്.
കേവലമൊരു രാഷ്ട്രീയ ചർച്ചകൾക്കപ്പുറം വലിയ മാനങ്ങളുള്ള കൂടിക്കാഴ്ചയാണ് കോൺഗ്രസ് നേതാക്കളുമായി പ്രശാന്ത് കിഷോർ നടത്തിയതെന്നാണ് സൂചന. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രാധാന്യമുള്ള റോളായിരിക്കും അദ്ദേഹത്തിേന്റതെന്നും റിപ്പോർട്ടുകളുണ്ട്. പുറത്ത് പ്രചരിക്കപ്പെടുന്നതുപോലെ ഉത്തർപ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള തന്ത്രങ്ങൾക്കായി മാത്രമായാണ് കോൺഗ്രസ് നേതൃത്വവുമായി പ്രശാന്ത് ചർച്ച നടത്തിയതെന്നത് ശരിയല്ലെന്നും കൂടുതൽ വലിയ കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ വിഷയമായതെന്നും എൻ.ഡി.ടി.വി റിപ്പോർട്ടുചെയ്തു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് ഒരുങ്ങുേമ്പാൾ കിഷോറിന് സുപ്രധാന റോൾ ഉണ്ടാകുമെന്നതിന്റെ സൂചനകളാണ് ഉയരുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
'ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചെയ്തിടത്തോളം മടുത്തു. ജീവിതത്തിൽ ഒരു ഇടവേള എടുക്കാനും മറ്റെന്തെങ്കിലും ചെയ്യാനുമുള്ള സമയമാണിത്'- രണ്ടു മാസം മുമ്പ് പ്രശാന്ത് കിഷോർ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. വീണ്ടും രാഷ്ട്രീയത്തിൽ ചേരുമോ എന്ന് ചോദിച്ചപ്പോൾ താൻ പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്നായിരുന്നു മറുപടി. നിതീഷ് കുമാറിന്‍റെ ജനതാദളിൽ ചേർന്ന പ്രശാന്ത് പിന്നീട് പാർട്ടി വിട്ടിരുന്നു.
ബംഗാളിനു പുറമെ ഈയിടെ തമിഴ്നാട്ടിൽ അധികാരത്തിനെത്തിയ ഡി.എം.കെ മുന്നണിക്കു വേണ്ടി പിന്നണിയിൽ കരുക്കൾ നീക്കിയതും പ്രശാന്ത് കിഷോറായിരുന്നു. അസമിൽ കുടുംബവുമൊത്ത് തേയില കൃഷിയിൽ ശ്രദ്ധിക്കാൻ പോവുകയാണെന്നാണ് മേയിൽ അദ്ദേഹം പറഞ്ഞത്.
2017ൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും ചേർന്ന സഖ്യത്തിനുേവണ്ടി യു.പി തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനഞ്ഞത് കിഷോറിന്‍റെ ടീമായിരുന്നു. എന്നാൽ, സഖ്യം ബി.ജെ.പിക്കുമുന്നിൽ അടിയറവ് പറഞ്ഞു. അതേസമയം, പഞ്ചാബിൽ കോൺഗ്രസിനെ അധികാരത്തിലേക്ക് നയിക്കുകയും ചെയ്തു. അതിനുശേഷം കോൺഗ്രസിന്‍റെ പ്രവർത്തനരീതികളെ പ്രശാന്ത് കിഷോർ വിമർശിച്ചിരുന്നു. 'നൂറുവർഷം പഴക്കമുള്ള പാർട്ടിയാണ് കോൺഗ്രസ്. അവർക്ക് അവരുടേതായ പ്രവർത്തന രീതിയാണുള്ളത്. പ്രശാന്തോ മറ്റുള്ളവരോ നിർദേശിക്കുന്ന വഴികളിൽ പ്രവർത്തിക്കാൻ അവർക്കാവില്ല. തങ്ങൾക്ക് ചില പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിക്കാൻ എന്തെങ്കിലും ചെയ്യണമെന്നും കോൺഗ്രസ് തിരിച്ചറിയണം' -മുമ്പ് പ്രശാന്ത് കിഷോർ പറഞ്ഞതിങ്ങനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.