പ്രവചനങ്ങളെല്ലാം തെറ്റി; ഇനിയില്ല - ഒടുവിൽ സമ്മതിച്ച് പ്രശാന്ത് കിഷോർ
text_fieldsപ്രശാന്ത് കിഷോർ
ന്യൂഡൽഹി: എൻ.ഡി.എ 300 മുതൽ 340 സീറ്റുകൾ വരെ നേടുമെന്നായിരുന്നു ഇത്തവണത്തെ എക്സിറ്റ് പോളുകളെല്ലാം. എന്നാൽ എൻ.ഡി.എക്ക് 300 പോലും കടക്കാനായില്ല. മാത്രമല്ല സർക്കാരുണ്ടാക്കാൻ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വരികയും ചെയ്തു. വൻ ഭൂരിപക്ഷത്തോടെ എൻ.ഡി.എയുടെ ഹാട്രിക് വിജയമാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ, സി.എൻ.എൻ ന്യൂസ്, എൻ.ഡി.ടി.വി, റിപ്പബ്ലിക് ടി.വി, എ.ബി.പി സീ വോട്ടർ എന്നിവയുടെ എക്സിറ്റ് പോൾ ഫലങ്ങൾ.
2019ലെ ഫലം ആവർത്തിക്കുമെന്ന് പ്രശാന്ത് കിഷോർ അടക്കമുള്ള തെരഞ്ഞെടുപ്പ് വിദഗ്ധരും പ്രഖ്യാപിച്ചു. എന്നാൽ പ്രവചനം മുഴുവൻ തെറ്റിയതോടെ ഇനി ഈ പരിപാടിക്കേ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രശാന്ത് കിഷോർ. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള പ്രവചനങ്ങൾ മുഴുവൻ തെറ്റി. തോൽവി ഏറ്റെടുക്കുന്നു. താനുംതന്നെ പോലുള്ള വോട്ടർമാരും തെറ്റിദ്ധരിച്ചു.-എന്നാണ് ഇന്ത്യ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ കിഷോർ പറഞ്ഞത്.
ബി.ജെ.പി ഒറ്റക്ക് 303 സീറ്റ് നേടുമെന്നും ചിലപ്പോൾ സീറ്റ് നില 320വരെയാകാമെന്നുമായിരുന്നു പ്രശാന്ത് കിഷോർ പ്രവചിച്ചത്. എന്നാൽ 240 സീറ്റുകളിലൊതുങ്ങി ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കുതിപ്പ്.
''എവിടെയും പ്രതിപക്ഷ സഖ്യത്തിന് അനുകൂലമായ തരംഗം കാണാൻ സാധിച്ചിരുന്നില്ല. ഞങ്ങൾ പറഞ്ഞത് തെറ്റിയിരിക്കാം. എല്ലാം കണക്കുകളുടെ കളിയാണ്. ആ അർഥത്തിൽ അവർക്ക് 36 ശതമാനം വോട്ട് വിഹിതം കിട്ടി.
ഞാൻ എന്റെ വിലയിരുത്തൽ നിങ്ങളുടെ മുന്നിൽ വെച്ചിരുന്നു. സംഖ്യയുടെ കാര്യത്തിൽ ഞാൻ ചെയ്ത വിലയിരുത്തൽ 20 ശതമാനം തെറ്റാണെന്ന് ഞാൻ ക്യാമറയിൽ സമ്മതിക്കണം. ബിജെപി 300 ന് അടുത്തെവിടെയെങ്കിലും എത്തുമെന്നും അവർക്ക് 240 ലഭിക്കുമെന്നും ഞങ്ങൾ പറഞ്ഞു. ബി.ജെ.പിയോട് നേര്‍ത്ത അതൃപ്തിയുണ്ടെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ നരേന്ദ്ര മോദിക്കെതിരെ വ്യാപകമായ അതൃപ്തി ഉണ്ടായിട്ടില്ല," പ്രശാന്ത് കിഷോർ വിശദീകരിച്ചു. ഇനി ഇത്തരമൊരു പ്രവചനത്തിന് ഇല്ലെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.