പ്രതാപ് സിംഹ സഭയിൽ;നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ലോക്സഭയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ആക്രമികൾക്ക് പാസ് ഉണ്ടാക്കിക്കൊടുത്ത ബി.ജെ.പി എം.പി പ്രതാപ് സിംഹ അതിക്രമത്തിന് പിറ്റേന്ന് പതിവുപോലെ ലോക്സഭയിലെത്തി. പ്രതാപ് സിംഹക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം പാർലമെൻറിനകത്തും പുറത്തും പ്രതിപക്ഷം ശക്തമാക്കി.
കേവലമൊരു ലോഗിൻ പാസ്വേഡ് കൈമാറിയതിന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ സസ്പെൻഡ് ചെയ്ത സ്പീക്കറും കേന്ദ്ര സർക്കാറും പാർലമെന്റിന്റെ സുരക്ഷ ശരിക്കും അപകടത്തിലാക്കിയ ബി.ജെ.പി എം.പിയെ വെറുതെ വിടുന്നത് പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. പാർലമെന്റ് അതിക്രമത്തിന് പിറ്റേന്ന് ഇരുസഭകളും സമ്മേളിച്ചപ്പോൾ പ്രതാപ് സിൻഹക്കെതിരായ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ലോക്സഭയിലും രാജ്യസഭയിലും സഭാ നടപടികൾ തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം ആക്രമികൾക്ക് ലോക്സഭയിലേക്ക് വഴിയൊരുക്കിയ പ്രതാപ് സിംഹക്കെതിരായ നടപടിയായിരുന്നു. പാർലമെന്റിന് പുറത്ത് പ്രതാപ് സിംഹയുടെ വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. കടുത്ത ഹിന്ദുത്വ വാദിയായി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അരുമയായി മാറിയ പ്രതാപ് സിംഹ കോൺഗ്രസ് സർക്കാറിന്റെ ടിപ്പു ജയന്തിക്കെതിരെ മൈസൂരിൽ പ്രക്ഷോഭം നയിച്ചിരുന്നു.
‘കന്നഡ പ്രഭ’ പത്രത്തിന്റെ ലേഖകനായിരുന്ന പ്രതാപ് സിംഹ 2014 ലാണ് ആദ്യമായി മൈസൂരുവിൽനിന്ന് ലോക്സഭയിലെത്തുന്നത്. തുടർന്ന് 2015ൽ നരേന്ദ്ര മോദി സർക്കാർ സിംഹയെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അംഗമാക്കി. 2019ലും മൈസൂരുവിൽ ജയമാവർത്തിച്ചു.
ടിപ്പു സുൽത്താൻ ഇസ്‍ലാമിസ്റ്റുകളുടെ റോൾ മോഡലാണെന്ന് പറഞ്ഞ പ്രതാപ് സിംഹ ഖുബ്ബകളുടെ ആകൃതിയിലുണ്ടാക്കിയ ബസ് സ്റ്റേഷനുകൾ കണ്ടാൽ പള്ളികൾപോലെ തോന്നുമെന്നും അതിനാൽ താൻ പൊളിച്ചുമാറ്റുമെന്നും ഭീഷണി മുഴക്കിയിരുന്നു.
പാസ് ആവശ്യപ്പെട്ടത്
പ്രതിയുടെ പിതാവ്
ന്യൂഡൽഹി: പാർലമെന്റ് ആക്രമണത്തിനായി ആക്രമികൾക്ക് ലോക്സഭയിലെ സന്ദർശക പാസ് ഉണ്ടാക്കിക്കൊടുത്തത് പ്രതികളിലൊരാളായ മൈസൂരുവിലെ മനോരഞ്ജന്റെ ബി.ജെ.പിക്കാരനായ പിതാവ് പറഞ്ഞിട്ടാണെന്ന് ബി.ജെ.പി എം.പി പ്രതാപ് സിംഹ ലോക്സഭ സ്പീക്കറെയും ബി.ജെ.പി നേതൃത്വത്തെയും അറിയിച്ചു. 35കാരനായ മനോരഞ്ജന്റെ പിതാവ് ദേവരാജ് ഗൗഡ തന്റെ മണ്ഡലത്തിലെ ബി.ജെ.പിക്കാരനാണെന്നും അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരമാണ് മകനും കൂടെയുള്ള സാഗർ ശർമക്കും പാസ് തരപ്പെടുത്തിക്കൊടുത്തതെന്നുമാണ് പ്രതാപ് സിംഹ പറഞ്ഞത്. ലോക്സഭയിലേക്ക് എടുത്തുചാടി മുന്നോട്ടുകുതിച്ച സാഗർ ശർമയുടെ പോക്കറ്റിൽനിന്ന് കണ്ടെടുത്ത സന്ദർശക പാസിന്റെ ചിത്രം ഡാനിഷ് അലി എം.പി പങ്കുവെച്ചതിലൂടെയാണ് ബി.ജെ.പി എം.പി വഴിയാണ് ആക്രമികൾ ലോക്സഭയിൽ കയറിയതെന്ന് വ്യക്തമായത്.
ജനുവരിയിൽ തുടങ്ങിയ ഗൂഢാലോചനയുടെ ഭാഗമായി മനോരഞ്ജൻ വർഷകാലസമ്മേളനത്തിലും പാർലമെന്റ് സന്ദർശിച്ചിരുന്നു.
പാർലമെന്റിലെ അതിക്രമത്തിനായി മനോരഞ്ജൻ ഡിസംബർ 14ന് പാസുണ്ടാക്കാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും സുരക്ഷാവിഭാഗം 13ലേക്കാണ് നൽകിയതെന്ന് പൊലീസ് പറയുന്നു. 12നാണ് മനോരഞ്ജൻ പാസ് കൈപ്പറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.