പ്രവീൺ നെട്ടാറു വധം: പ്രതികളോട് കീഴടങ്ങാൻ നിർദേശിച്ച് എൻ.ഐ.എയുടെ രണ്ടാം വിളംബരം
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാറു വധക്കേസിലെ രണ്ടു പ്രതികളോട് അടുത്ത മാസം 18നകം കീഴടങ്ങാൻ നിർദേശിച്ച് എൻ.ഐ.എ സുള്ള്യ ടൗണിലും പരിസരങ്ങളിലും ഉച്ചഭാഷിണിയിൽ വിളംബരം നടത്തി. ദക്ഷിണ കന്നട സുള്ള്യ പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ലു മുട്ലുവിൽ ഉമർ ഫാറൂഖ്, മുസ്തഫ പൈചാർ എന്നിവർക്കായാണ് പൊലീസ് വാഹനത്തിൽ മൈക്കും ഉച്ചഭാഷിണി കെട്ടിയ ഓട്ടോറിക്ഷയും ഉപയോഗിച്ച് വിളംബരം നടത്തിയത്.
കഴിഞ്ഞ മാസം 27ന് രണ്ട് പ്രതികളുടേയും വീട്ടുചുമരുകളിൽ ജൂൺ 30നകം കീഴടങ്ങിയില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന നോട്ടീസ് എൻ.ഐ.എ പതിക്കുകയും ഈ വിവരം ഉച്ചഭാഷിണിയിലൂടെ പ്രദേശത്ത് അറിയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ 26നാണ് ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ താലൂക്കിൽ ബെല്ലാരെയിൽ പ്രവീൺ നെട്ടാറു കൊല്ലപ്പെട്ടത്. ആഗസ്റ്റ് 22നാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തത്. വിവരം നൽകുന്നവർക്ക് എൻ.ഐ.എ അഞ്ചു ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
മറ്റു പ്രതികളായ ദക്ഷിണ കന്നട ബെൽത്തങ്ങാടിയിലെ നൗഷാദ്, കുടക് സ്വദേശികളായ അബ്ദുൽ നസർ, അബ്ദുറഹ്മാൻ എന്നിവരെയും കണ്ടെത്താനാകാതെ ഏജൻസി കഴിഞ്ഞ മാസം അവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ളവരാണ് ഈ മൂന്ന് പ്രതികളുമെന്നാണ് എൻ.ഐ.എ കണ്ടെത്തൽ. ഇവർ ഉൾപ്പെടെ 21 പേർ പ്രതികളായി കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതികളെ കണ്ടെത്താൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.