‘എല്ലാം ചാമുണ്ഡേശ്വരിയുടെ അനുഗ്രഹം, 25ന് ചുമതലയേൽക്കും’ -നിയുക്ത സി.ബി.ഐ ഡയറക്ടർ പ്രവീൺ സൂദ്
text_fieldsമംഗളൂരു: സി.ബി.ഐ ഡയറക്ടറായി ഈ മാസം 25ന് ഡൽഹിയിൽ ചുമതലയേൽക്കുമെന്ന് പദവിയിൽ നിയുക്തനായ കർണാടക ഡി.ജി.പി പ്രവീൺ സൂദ്. ‘അപ്രതീക്ഷിതം, എന്നാൽ ഏറെ സന്തോഷകരം. എല്ലാം ചാമുണ്ഡേശ്വരി ദേവിയുടെ അനുഗ്രഹം എന്നല്ലാതെന്ത് പറയാൻ. ചാമുണ്ഡിക്കുന്നിൽ ചെന്ന് ദേവിയെ തൊഴുതിട്ടേ ഡൽഹിക്ക് പോകൂ. പ്രധാനമന്ത്രിക്കും രാജ്യത്തിന്റെ ചീഫ് ജസ്റ്റിസിനും എന്നിലുള്ള വിശ്വാസത്തിൽ അളവറ്റ ആനന്ദം’ -59കാരനായ സൂദ് പറഞ്ഞു.
കർണാടക പൊലീസ് മേധാവിയെ കഴിവുകെട്ടവൻ എന്ന് വിളിച്ച കെ.പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ കൈയിലേക്ക് സംസ്ഥാന ഭരണം എത്തുന്ന ഘട്ടത്തിലാണ് സൂദ് ഡൽഹിയിലേക്ക് ഭാണ്ഡം മുറുക്കുന്നത്. ഈ മാസം 25ന് പദവി ഒഴിയുന്ന സുബോദ് കുമാർ ജയസ്വാളിന് പകരമാണ് നിയമനം. 2021 മെയ് 26നായിരുന്നു ജയ്സ്വാൾ സി.ബി.ഐ ഡയറക്ടറായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ലോക്സഭ പ്രതിപക്ഷ നേതാവ് അദിർ രഞ്ജൻ ചൗധരി എന്നിവർ ശനിയാഴ്ച ജയസ്വാളിനെ കണ്ട് ചർച്ച നടത്തിയ ശേഷമാണ് പിൻഗാമിയെ നിശ്ചയിച്ചത്. മധ്യപ്രദേശ് ഡി.ജി.പി സുധീർ സഖ്യസേനയുടെ പേരും പരിഗണനക്ക് വന്നിരുന്നു.
ഹിമാചൽ പ്രദേശിലെ കാൻഗ്ര സ്വദേശിയായ സൂദിന് 1986ൽ ഇന്ത്യൻ പൊലീസ് സർവീസിൽ പ്രവേശിച്ചപ്പോൾ 22 ആയിരുന്നു പ്രായം. മൈസൂരു എ.എസ്.പിയായി 1989ൽ ചുമതലയേറ്റാണ് കർണാടകയിലെ സേവനം തുടങ്ങിയത്. ബെല്ലാരി, റയ്ച്ചൂർ ജില്ലകളിൽ പൊലീസ് സൂപ്രണ്ടായും ബംഗളുറു സിറ്റി ഡെപ്യൂട്ടി കമ്മീഷണറായും മൈസുറു പൊലീസ് കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്. കർണാടക ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്നു. സി.ബി.ഐ തലവനാവുന്ന കർണാടക കേഡർ ഐ.പി.എസിലെ മൂന്നാമനാണ് സൂദ്. ജോഗിന്ദർ സിങ്, ഡി.ആർ. കാർത്തികേയൻ എന്നിവരാണ് മുൻഗാമികൾ.
സൂദിന്റെ പിൻഗാമിയെ കണ്ടെത്താൻ കർണാടകയിലും നീക്കങ്ങൾ തുടങ്ങി. 1987 ബാച്ച് ഐ.പി.എസ് അലോക് കുമാർ ആണ് സീനിയോറിറ്റിയിൽ മുന്നിൽ. എന്നാൽ ബി.ജെ.പിയുടെ താല്പര്യങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തോടുള്ള പുതിയ സർക്കാർ നിലപാട് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.