പ്രവീൺ തൊഗാഡിയയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ കണ്ടെത്തി
text_fieldsഅഹ്മദാബാദ്: കാണാതായ വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി) അന്താരാഷ്ട്ര വർക്കിങ് പ്രസിഡൻറ് പ്രവീൺ തൊഗാഡിയയെ പൊലീസ് ആശുപത്രിയിൽ കണ്ടെത്തി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്ന് അബോധാവസ്ഥയിലാണ് തൊഗാഡിയയെ ആശുപത്രിയിൽ കൊണ്ടുവന്നതെന്ന് കിഴക്കൻ അഹ്മദാബാദിലെ ചന്ദ്രമണി ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ഇവിടെയുള്ള കോതർപുർ ഭാഗത്തെ പാർക്കിൽ അബോധാവസ്ഥയിലാണ് തൊഗാഡിയയെ അജ്ഞാതനായ വ്യക്തി കണ്ടത്. ഇയാൾ അദ്ദേഹത്തെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവത്രെ.
അസുഖം പൂർണമായി ഭേദപ്പെട്ടശേഷം ആശുപത്രിയിൽ നിന്ന് വിടുമെന്നും ഡോക്ടർമാർ പറഞ്ഞു. 24 മണിക്കൂറും ഇസഡ് പ്ലസ് സുരക്ഷയുള്ള തൊഗാഡിയയെ തിങ്കളാഴ്ച പകൽ 11 മണിയോടെ കാണാതായെന്ന് വി.എച്ച്.പി നേതാക്കളാണ് ആരോപിച്ചത്. അദ്ദേഹത്തെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അവർ സർഖേജ്-ഗാന്ധിനഗർ ദേശീയപാതയും സൊല പൊലീസ് സ്റ്റേഷനും ഉപരോധിച്ചിരുന്നു. തൊഗാഡിയ രാജസ്ഥാൻ പൊലീസിെൻറ കസ്റ്റഡിയിലാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും വി.എച്ച്.പി സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജോത് ഭർവദ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാജസ്ഥാൻ പൊലീസ് അത് നിഷേധിച്ചു. പരാതിയെതുടർന്ന് തൊഗാഡിയയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചതായി അഹ്മദാബാദ് ക്രൈംബ്രാഞ്ച് ജോയിൻറ് കമീഷണർ ജെ.കെ. ഭട്ട് മാധ്യമങ്ങളോട് വ്യക്തമാക്കുകയുണ്ടായി.
തൊഗാഡിയ പൊലീസ് കസ്റ്റഡിയിലില്ലെന്നും രാജസ്ഥാനിലെയോ ഗുജറാത്തിലെയോ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഭട്ട് വ്യക്തമാക്കി. പത്തു വർഷം മുമ്പ് രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന സമയത്ത് നിരോധനാജ്ഞ ലംഘിച്ച കേസിൽ രാജസ്ഥാൻ കോടതി തൊഗാഡിയക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. ഇൗ വാറൻറുമായി രാജസ്ഥാൻ പൊലീസ് അഹ്മദാബാദിൽ എത്തിയ സമയത്താണ് തൊഗാഡിയയെ കാണാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.