വെറുപ്പിച്ചിട്ടും തൊഗാഡിയയെ തൊടാതെ സംഘ്പരിവാർ
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാക്കളെ നിരന്തരം വിമർശിക്കുന്ന പ്രവീൺ തൊഗാഡിയയെ വി.എച്ച്.പി തലപ്പത്ത് നിലനിർത്തുന്നത് സംഘടനയുടെ പതിവുരീതികളിൽനിന്ന് ഭിന്നമായ രീതി. സ്വപ്രയത്നത്തിലൂടെ അനുയായി വൃന്ദത്തെ സൃഷ്ടിച്ച നേതാക്കൾ ഏറെയുണ്ടായിട്ടുണ്ട് കാവി ചേരിയിൽ. എന്നാൽ, അതത് കാലത്തെ ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിനു വിധേയപ്പെടാതെ അതീതരാവാൻ ശ്രമിച്ചവർക്കാർക്കും മുഖ്യധാരയിൽ തുടരാനായിട്ടില്ല. തൊഗാഡിയയുടെ കാര്യത്തിൽ പതിവുശീലങ്ങളിൽനിന്ന് നേതൃത്വം മാറിനടക്കുകയാണ്. കലാപകാരിയായ തൊഗാഡിയയെ പ്രകോപിപ്പിക്കുന്നത് ഗുണകരമാവില്ലെന്ന തിരിച്ചറിവാണിതിന് പിന്നിൽ. സാക്ഷാൽ നരേന്ദ്ര മോദി തന്നെ ഇത്തവണ വി.എച്ച്.പി നേതൃസ്ഥാനത്തുനിന്ന് മാറ്റാൻ ശ്രമിച്ചിട്ടും നടക്കാതെപോയത് തൊഗാഡിയക്ക് പാർട്ടിയിൽ ലഭിച്ച പിന്തുണയാണ്.
സംഘ്പരിവാർ പാഠശാലയിൽനിന്ന് ഉയർന്നുവന്ന നിരവധിപേർ നേതൃത്വത്തിെൻറ അതൃപ്തിക്ക് പാത്രമായി അപ്രസക്തരായിട്ടുണ്ട്. കെ.എൻ. ഗോവിന്ദാചാര്യ, ഉമ ഭാരതി, കല്യാൺ സിങ് എന്നിവർ ഉദാഹരണം. ആർ.എസ്.എസിെൻറ തൊഴിലാളി സംഘടനയായ ബി.എം.എസ് സ്ഥാപകൻ ദത്തോപന്ത് തെങ്ങടി ഒരുകാലത്ത് അസൂയാവഹമായി വളർന്നുവന്ന നേതാവാണ്. വാജ്പേയിയുടെയും അദ്വാനിയുടെയും അതൃപ്തിക്ക് പാത്രമായി പിൽക്കാലത്ത് വിസ്മൃതനായി.
സാക്ഷാൽ അശോക് സിംഗാളും അദ്വാനിയുടെ വിമർശകനായതോടെ അവഗണനയുടെ കയ്പറിഞ്ഞു. എന്നാൽ, സിംഗാളിനോട് അദ്വാനി എന്നും ആദരവ് കാത്തുസൂക്ഷിച്ചിരുന്നു. ഒരുകാലത്ത് ഹിന്ദുത്വയുടെ ഉദയസൂര്യനായി കണക്കാക്കപ്പെട്ടയാളാണ് തൊഗാഡിയ. അർബുദരോഗ വിദഗ്ധൻ വിദ്വേഷ പ്രസംഗങ്ങളിലൂടെ ലക്ഷങ്ങളുടെ മനസ്സിൽ വെറുപ്പിെൻറ രാഷ്ട്രീയ വിത്തുകൾ വിതക്കുന്നതാണ് പിന്നീട് കണ്ടത്. 1990കളിൽ വി.എച്ച്.പി മേധാവി അശോക് സിംഗാളിനെപോലും അസൂയാലുവാക്കുന്ന നിലയിൽ തൊഗാഡിയ വളർന്നു. എന്നാൽ, ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നടത്തിയ ഇടപെടലുകൾ ബി.ജെ.പിക്ക് അനഭിമതനാക്കി. 2007, ’12 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ പരോക്ഷമായി പിന്തുണക്കുന്ന നിലവരെയെത്തി. സംഘ്പരിവാറിലെ അനിഷേധ്യ നാമമായ മോദിയെ കടന്നാക്രമിച്ചു. അതൊക്കെയാണ് ഒടുവിൽ ഒരുദിവസത്തെ തിരോധാനത്തിലും പിന്നീടുള്ള നാടകീയ സംഭവവികാസങ്ങളിലേക്കും നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.