'കോൺഗ്രസ് എന്നെ പുറത്താക്കാൻ പ്രാർഥിക്കൂ'; അഴിമതി ആരോപണങ്ങളിൽ പ്രതികരിച്ച് ഹരീഷ് റാവത്ത്
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് വിറ്റ് പണം വാങ്ങി സർക്കാറിൽ സ്ഥാനമാങ്ങൾ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. തന്നെ കോൺഗ്രസ് പാർട്ടി പുറത്താക്കാൻ പ്രാർഥിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ സുപ്രധാന പദവികൾ വഹിക്കുന്നവരാണ് തനിക്കെതിര ആരോപണങ്ങളുന്നയിക്കുന്നതെന്ന് പേരെടുത്ത് പറയാതെ റാവത്ത് വിമർശിച്ചു.
സംസ്ഥാന പാർട്ടി മേധാവി, പാർട്ടി ജനറൽ സെക്രട്ടറി, കോൺഗ്രസ് പ്രവർത്തക സമതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തിയെന്ന നിലയിൽ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തിന്മയിൽനിന്ന് മുക്തി നേടാനുള്ള ഉചിതമായ അവസരമാണിതെന്നും ഹരീഷ് റാവത്തിനെപ്പോലെയുള്ള തിന്മകളെ ഹോളിക ദഹനിൽ കത്തിച്ച് കളയണമെന്നും അദ്ദേഹം സ്വയം വിമർശിച്ചു.
ഉത്തരാഖണ്ഡിൽ റാവത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നേരിട്ട കോൺഗ്രസിന് 70 സീറ്റുകളിൽ 19 സിറ്റുകൾ മാത്രമാണ് വിജയിക്കാനായത്. 47 സീറ്റുകൽ നേടി ബി.ജെ.പി അധികാരത്തിൽ വരികയും ചെയ്തു.
തന്നിൽ വിശ്വാസമർപ്പിച്ച പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് തോൽവിയിൽ റാവത്ത് വേദന പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസിന്‍റെ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകുന്നതിനു മുമ്പ് അധ്യക്ഷ സോണിയ ഗാന്ധിയെ എങ്ങനെ നേരിടുമെന്നറിയില്ലെന്നും റാവത്ത് പ്രതികരിച്ചു. കോൺഗ്രസിന്‍റെ ഉന്നത നേതാക്കൾക്ക് തന്‍റെ നേതൃത്വത്തിൽ പാർട്ടി അധികാരത്തിലെത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് നിറവേറ്റുന്നതിൽ താൻ പരാജയപ്പെട്ടന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.