പ്രയാഗ് രാജ് സംഘർഷം: 59 പേരുടെ ചിത്രങ്ങളുമായി പൊലീസ്
text_fieldsപ്രയാഗ് രാജ്: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ സംഘർഷത്തിൽ പങ്കെടുത്തവരെന്നാരോപിച്ച് പ്രയാഗ് രാജ് പൊലീസ് 59 പേരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതിഷേധം അരങ്ങേറിയത്.
ഇതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് പൊലീസ് ആരോപണം. ഇവരെ തിരിച്ചറിയാൻ പൊതുസ്ഥലങ്ങളിൽ ഈ ചിത്രങ്ങൾ പതിക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
കല്ലേറിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കെടുത്തവരെ വിഡിയോയിലൂടെയും ചിത്രങ്ങളിലൂടെയുമാണ് മനസ്സിലാക്കാനായതെന്ന് പ്രയാഗ് രാജ് സീനിയർ പൊലീസ് സൂപ്രണ്ട് അജയ് കുമാർ പറഞ്ഞു. ഇവരെ തിരിച്ചറിയാൻ ജനം സഹായിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
അതേസമയം, വെൽഫെയർ പാർട്ടി നേതാവ് ജാവേദ് അഹമ്മദിന്റെ വീട് പൊളിക്കുന്നതിന് മുമ്പ് ലഘുലേഖ കണ്ടെത്തിയിരുന്നുവെന്ന് പൊലീസ്. സംഘർഷം നടന്ന ദിവസം ജനം സംഘംചേരണമെന്ന ലഘുലേഖയാണ് കണ്ടെത്തിയത്.
കാരണംകാണിക്കൽ നോട്ടീസ് നൽകാതെയാണ് ജാവേദ് അഹമ്മദിന്റെ ഭാര്യയുടെ പേരിലുള്ള വീട് പൊളിച്ചതെന്ന് ഇവരുടെ അഭിഭാഷകൻ പറഞ്ഞു. യു.പി സർക്കാർ നടപടിക്കെതിരെ സമാജ്വാദി പാർട്ടിയും ബി.എസ്.പിയും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.