പ്രയാഗ്‌രാജ് സംഘർഷം: പ്രതിഷേധക്കാർ പ്രായപൂർത്തിയാകാത്തവരെ തെറ്റിദ്ധരിപ്പിച്ചു, കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നിയമനടപടിയെന്ന് പൊലീസ്
text_fieldsലഖ്നോ: ജൂൺ പത്തിന് പ്രയാഗ്‌രാജിൽ നടന്ന സംഘർഷത്തിനിടെ പൊലീസുകാർക്ക് നേരെ കല്ലെറിഞ്ഞ പ്രായപൂർത്തിയാകാത്ത കുട്ടികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. അതേസമയം, നിരപരാധികളായ കുട്ടികൾക്കെതിരെ കേസെടുക്കുന്നില്ലെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് അജയ് കുമാർ വ്യക്തമാക്കി.
പ്രവാചക നിന്ദക്കെതിരെ പ്രയാഗ്‌രാജിൽ നടന്ന പ്രതിഷേധത്തിനിടയിൽ ഗൂഢാലോചനക്കാർ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പൊലീസുകാർക്ക് നേരെ കല്ലെറിഞ്ഞതായി യു.പി പൊലീസ് ആരോപിച്ചിരുന്നു. പ്രതിഷേധക്കാർ കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാണ് ആക്രമണത്തിൽ പങ്കാളികളാക്കിയത്. എന്നാൽ, സംഭവസ്ഥലത്ത് പ്രായപൂർത്തിയാകാത്തവരുടെ സാന്നിധ്യമുള്ളത് കൊണ്ട് മാത്രം അവരെ പ്രതിചേർക്കാൻ സാധിക്കില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
കുട്ടികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ഗുണ്ടാ നിയമപ്രകാരം അവർക്കെതിരെ കേസെടുക്കുമെന്ന് എസ്.എസ്.പി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനകരമായ പോസ്റ്റുകൾ പങ്കുവെക്കരുതെന്ന് പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു. ഇത്തരത്തിൽ പ്രകോപനമുയർത്തുന്ന പോസ്റ്റുകളും വിഡിയോകളും പങ്കുവെക്കുന്നവരെ വെറുതെ വിടില്ലെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ബി.ജെ.പി നേതാവ് നൂപുർ ശർമ നടത്തിയ പ്രസ്താവനയിൽ അവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രയാഗ്‌രാജിൽ നടന്ന പ്രതിഷേധം വലിയ അക്രമങ്ങൾക്ക് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.