മോദിക്ക് 'ഫാൻസി ഡ്രസ്സ് കുരുക്ക്'; സൈനിക വേഷം ധരിച്ചതിന് നോട്ടീസയച്ച് കോടതി
text_fieldsസൈനിക വേഷം ധരിച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നോട്ടീസ്. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജില്ലാ കോടതിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് മോദി സൈനിക വേഷം ധരിച്ച് കശ്മീർ സന്ദർശനത്തിനിറങ്ങിയത്. അതിനെതിരെയാണ് കോടതിയുടെ ഹരജി. ക്രിമിനൽ നടപടിച്ചട്ടത്തിലെ 156 (3) വകുപ്പ് പ്രകാരം അപേക്ഷ സമർപ്പിച്ച അഭിഭാഷകൻ രാകേഷ് നാഥ് പാണ്ഡെയുടെ വാദം കേൾക്കാൻ ജില്ല ജഡ്ജി നളിൻ കുമാർ ശ്രീവാസ്തവ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 140-ാം വകുപ്പ് പ്രകാരം സൈനികനോ നാവികനോ വ്യോമസേനാംഗമോ അല്ലാത്ത പക്ഷം സേനാ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് പ്രയാഗ്‌രാജ് കോടതി ഹരജിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ സൈനികർക്കൊപ്പം മോദി ദീപാവലി ആഘോഷിച്ചിരുന്നു. 2016 മുതൽ ഇന്ത്യൻ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുകയും സിവിലിയൻ വേഷത്തിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാൽ, മോദി 2017 മുതൽ ഇന്ത്യൻ സൈനിക വേഷം യാതൊരു ചിഹ്നവുമില്ലാതെ ധരിക്കാൻ തുടങ്ങുകയായിരുന്നു.
ഇന്ത്യയുടെ ഭരണഘടനാക്രമമനുസരിച്ച് രാജ്യത്തിന്‍റെ സായുധസേന അതിന്റെ വിശ്വസ്തതക്ക് കടപ്പെട്ടിരിക്കുന്നത് കമാൻഡർ ഇൻ ചീഫ് ആയ ഇന്ത്യൻ രാഷ്ട്രപതിയോടാണ്. രാഷ്ട്രത്തലവനെ പ്രതീകപ്പെടുത്തുന്ന രാഷ്ട്രപതിയുടെ പേരിലാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ അതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്.
മോദിയുടെ സൈനിക വേഷത്തിനെതിരെ കഴിഞ്ഞ ഡിസംബറിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നല്കിയിരുന്നെങ്കിലും തങ്ങളുടെ അധികാര പരിതിയിൽ വരുന്നതല്ലെന്ന് കാട്ടി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് പാണ്ഡെ ജില്ലാ കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.