പ്രാർഥനയുടെ പേരിൽ സംഘർഷം അനുവദിക്കില്ല –മന്ത്രി നഖ്വി
text_fieldsന്യൂഡൽഹി: പ്രാർഥനയുടെ പേരിൽ സംഘർഷം അനുവദിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. മുസ്ലിം മതവിശ്വാസികളുടെ പ്രാർഥനകർമമായ നമസ്കാരവുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നടത്തിയ വിവാദ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രാർഥനകൾ സമാധാനത്തെയാണ് വളർത്തുന്നത്, സംഘർഷങ്ങളെയല്ല. പ്രാർഥനകളുടെ പേരിൽ സംഘർഷമുണ്ടാകാൻ അനുവദിക്കുകയുമില്ല. ചട്ടപ്രകാരം അംഗീകൃത സ്ഥലങ്ങളിൽ മാത്രമേ പ്രാർഥനകൾ നിർവഹിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
മസ്ജിദുകളിലല്ലാതെ മറ്റെവിടെയും നമസ്കാരം അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ ആരോഗ്യമന്ത്രി അനിൽ വിജും രംഗത്തെത്തി.
യാദൃച്ഛികമായി പൊതുസ്ഥലത്ത് ആരെങ്കിലും നമസ്കരിച്ചാൽ കുഴപ്പമില്ലെന്നും എന്നാൽ, സ്ഥലം കൈയേറുക എന്ന ഉദ്ദേശ്യത്തോടെ പൊതുസ്ഥലം നമസ്കാരത്തിനായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിെൻറ പരാമർശം.
എന്നാൽ, പിന്നീട് നിലപാട് മയപ്പെടുത്തിയ ഖട്ടർ, താൻ ആരുടെയും പ്രാർഥന തടയുമെന്ന് പറഞ്ഞിട്ടില്ലെന്നും നമസ്കാരം മസ്ജിദിലും ഇൗദ്ഗാഹിലും മാത്രം നടത്തണമെന്നാണ് ഉദ്ദേശിച്ചതെന്നും വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടുണ്ടെന്നും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ സൗഹാർദപരമായി പരിഹരിക്കുന്നതാകും നല്ലതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അലീഗഢ് സർവകലാശാലയിലെ ജിന്നയുടെ ഛായാചിത്രവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച ചോദ്യത്തിന് വിദ്യാർഥികളും ജീവനക്കാരും അനാവശ്യ വിവാദത്തിൽനിന്ന് പിന്മാറണമെന്ന് നഖ്വി ആവശ്യപ്പെട്ടു. രാജ്യത്തിനും ഇവിടത്തെ മുസ്ലിംകൾക്കും ജിന്ന മാതൃകാപുരുഷനല്ല.
അതുകൊണ്ട് വിവാദം എത്രയും വേഗം അവസാനിപ്പിക്കുകയും സർവകലാശാലയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.