ഗ്യാൻവാപി മസ്ജിദിൽ നമസ്കാരം പതിവുപോലെ
text_fieldsന്യൂഡൽഹി: അടിഭാഗത്തെ നിലവറയിൽ പൂജ ആരംഭിച്ചെങ്കിലും ഗ്യാൻവാപി മസ്ജിദിൽ പതിവുപോലെ നമസ്കാരം തുടരുന്നു. അധികൃതരുടെ ഭാഗത്തുനിന്നോ പുറത്തുനിന്നുള്ളവരിൽനിന്നോ തടസ്സങ്ങളുണ്ടായില്ലെന്നും വ്യാഴാഴ്ചയും നമസ്കാരം നടന്നതായും അൻജുമൻ മസാജിദ് ഇൻതിസാമിയ കമ്മിറ്റി ജോ. സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസീൻ പറഞ്ഞു. പൂജക്ക് ബുധനാഴ്ച അനുമതി നൽകിയതിനു പിന്നാലെ വ്യാഴാഴ്ച തെക്കുഭാഗത്തെ നിലവറയിൽ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ ആരംഭിച്ചിരുന്നു. മസ്ജിദിനകത്താണ് വിഗ്രഹം സ്ഥാപിച്ചതെന്നും ഇവിടെ മുസ്ലിംകൾക്ക് ആരാധന മുടങ്ങിയെന്നുമുള്ള സമൂഹമാധ്യമ പ്രചാരണം അവസാനിപ്പിക്കാൻ സയ്യിദ് മുഹമ്മദ് യാസീൻ വിഷയം വിശദമായി സംസാരിക്കുന്നു:
മസ്ജിദിന് രണ്ട് നിലവറകൾ
മസ്ജിദിന് രണ്ട് നിലവറകളുണ്ട്. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തുറക്കുന്ന ഒന്നും വടക്കുഭാഗത്തെ മറ്റൊന്നും. കട്ടിയുള്ള ചുവരുകൾ ഇരുവശത്തും മസ്ജിദിൽനിന്ന് ഇവയെ വേറിട്ടുനിർത്തുന്നുണ്ട്. തെക്കേ നിലവറ ഏറെയായി പ്രാദേശിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്. വർഷത്തിൽ നടക്കുന്ന നവൻ പഥ് ഹിന്ദു ആഘോഷങ്ങൾക്കായുള്ള സാധനസാമഗ്രികൾ ഇവിടെയാണ് സൂക്ഷിക്കുന്നത്.
അകത്തെ മുളകളും മരങ്ങളും മറ്റും പുറത്തെടുക്കാനും ആഘോഷം കഴിഞ്ഞ് തിരിച്ചുവെക്കാനുമായി വർഷത്തിലൊരിക്കൽ മാത്രമാണ് തുറക്കുന്നത്. വടക്കുഭാഗത്തേതിൽ രണ്ട് കടമുറികളാണുള്ളത്. ഒന്ന് മുസ്ലിം കച്ചവടക്കാരനു കീഴിൽ വളകൾ വിൽക്കുന്ന കടയും രണ്ടാമത്തേത് ഹിന്ദു വ്യാപാരി നടത്തുന്ന ചായക്കടയും. ഇരുവരും പള്ളിക്കമ്മിറ്റിക്ക് വാടക നൽകിയവരായിരുന്നു.
അന്ന് പൊലീസ് നൽകിയ മുന്നറിയിപ്പ്
1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനു പിറകെ രണ്ട് കടമുറികളും ഒഴിപ്പിച്ച് മസ്ജിദ് കമ്മിറ്റി നേരിട്ട് നിയന്ത്രണത്തിലാക്കാൻ അന്നത്തെ വാരാണസി ഡി.ഐ.ജി ചമൻലാൽ ആവശ്യപ്പെട്ടു.
അയോധ്യയിലേതിന് സമാനമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഈ സ്ഥലം ഉപയോഗപ്പെടുത്തിയേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. ഡി.ഐ.ജിയുടെ ഉപദേശം പാലിച്ച് പള്ളിക്കമ്മിറ്റി കടമുറികൾ ഒഴിപ്പിച്ചു. ഇരുവർക്കും പണം നൽകി മറ്റു മുറികളിലേക്ക് മാറ്റുകയും ചെയ്തു. അന്നുമുതൽ ഈ നിലവറകളുടെ താക്കോൽ കമ്മിറ്റിയുടെ കൈകളിലുണ്ടെന്ന് യാസീൻ പറയുന്നു.
മസ്ജിദ് പരിസരത്തെ ഇരുമ്പുവേലികൾ
മസ്ജിദ് പരിസരം ഇരുമ്പുവേലികൾ കെട്ടി ഭദ്രമാക്കിയത് ബാബരി മസ്ജിദ് തകർച്ചക്കുശേഷം 1993ൽ സുപ്രീംകോടതി നിർദേശത്തെ തുടർന്നായിരുന്നു. ബാബരി മസ്ജിദ് നിൽക്കുന്നിടത്ത് തൽസ്ഥിതി തുടരാനാവശ്യപ്പെട്ട് നേരത്തേ മുഹമ്മദ് അസ്ലം എന്ന ഭുരെ നൽകിയ ഹരജിയിലായിരുന്നു പരമോന്നത കോടതി ഉത്തരവ്. പള്ളിക്കുനേരെയും തീവ്രഹിന്ദുത്വ വിഭാഗങ്ങൾ അവകാശവാദം ഉന്നയിക്കുന്നുവെന്നത് പരിഗണിച്ചായിരുന്നു നിർദേശം. ഇതേ ഭുരെയുടെ പരാതിയിലാണ്, ബാബരി വിഷയത്തിൽ അന്നത്തെ യു.പി മുഖ്യമന്ത്രി കല്യാൺ സിങ് കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ബ്രിട്ടീഷ് കാലം മുതൽ രണ്ട് നിലവറകൾപൂജയെന്ന വാദം തെറ്റ്
ബ്രിട്ടീഷ് ഭരണകാലം മുതൽ തെക്കേ നിലവറയിൽ പൂജ തുടരുന്നതാണെന്നും മുലായം സിങ് സർക്കാറാണ് ക്രമപ്രശ്നം നിരത്തി അത് നിർത്തിയതെന്നും ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ യാസീൻ തള്ളുന്നു. അത് തെളിവുകൾക്കെതിരായ വാദമാണ്. 1942ലെ അലഹബാദ് ഹൈകോടതി വിധി ഗ്യാൻവാപി മസ്ജിദാണെന്ന് സ്ഥിരീകരിച്ചതാണെന്ന് യാസീൻ പറയുന്നു. എന്നിട്ടും ഇന്നത്തെ കോടതികൾ ഇത് അംഗീകരിക്കുന്നില്ല. പള്ളിയും അസ്തിവാരവും വഖഫ് ഭൂമിയാണെന്നും അന്ന് കോടതി വ്യക്തമാക്കിയതാണ്. പടിഞ്ഞാറേ മതിലിനോടു ചേർന്നുള്ള രണ്ട് ഖബറുകളിൽ കൊല്ലം തോറും ഉറൂസ് നടന്നിരുന്നത് ബ്രിട്ടീഷ് കാലത്ത് സംഘാടകർ അവരുടെതായ കാരണങ്ങളാൽ നിർത്തിവെച്ചതാണ്. ഇത് വീണ്ടും ആരംഭിക്കാൻ രണ്ടു വർഷം മുമ്പ് സംഘാടകർ കോടതിയിലെത്തിയിരുന്നു. തെക്കേ നിലവറയിൽ പൂജ അനുവദിച്ച കോടതി പക്ഷേ, ഇത് അനുവദിച്ചില്ലെന്ന് യാസീൻ പറയുന്നു.
മസ്ജിദിൽ നമസ്കാരം മുടക്കാൻ ഹിന്ദു വിഭാഗം നൽകിയ പരാതി പരിഗണിച്ച് വാരാണസി കോടതി നമസ്കരിക്കാൻ എത്തുന്നവരുടെ എണ്ണം 20 ആയി നേരത്തേ ചുരുക്കിയിരുന്നത് 2022 മേയ് 17ലെ ഉത്തരവിൽ സുപ്രീംകോടതി നീക്കിയെന്നും നിയന്ത്രണമില്ലാതെ നമസ്കാരം നടക്കുന്നതായും യാസീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.