മൺസൂൺ സംബന്ധിച്ച് പുതിയ പ്രവചനം പുറത്ത്; ചില സംസ്ഥാനങ്ങളിൽ മഴ കുറഞ്ഞേക്കും
text_fieldsന്യൂഡൽഹി: രാജ്യത്തെ മൺസൂൺ സംബന്ധിച്ച് പുതിയ പ്രവചനം പുറത്ത്. കടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം വലയുന്നതിനിടെയാണ് പ്രവചനവുമായി സ്കൈമെറ്റ് വെതർ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ഇക്കുറി സാധാരണ പോലെ മൺസൂൺ ഉണ്ടാവുമെന്നാണ് സ്കൈമെറ്റ് വെതറിന്റെ പ്രവചനം. ജൂൺ മുതൽ സെപ്റ്റംബർ വരെ സാധാരണ പോലെ ഇക്കുറി മഴയുണ്ടാവും. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും അധികമഴക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
അതേസമയം, ബിഹാറിലും പശ്ചിമബംഗാളിലും മഴകുറയാനും സാധ്യതയുണ്ട്. മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാവും ഈ സംസ്ഥാനങ്ങളിൽ മഴ കുറയുക. രാജ്യത്തിന്റെ തെക്ക്, പടിഞ്ഞാറ്, വടക്ക്-കിഴക്ക് തുടങ്ങി എല്ലാ മേഖലകളിലും ആവശ്യത്തിനുള്ള മഴ ലഭിക്കുമെന്നും ഏജൻസി പ്രവചിക്കുന്നു.
മൺസൂണിന്റെ ആദ്യഘട്ടത്തിൽ വടക്ക്-കിഴക്കൻ മേഖലകളിൽ ചെറിയ മഴക്കുറവുണ്ടാവും. അതേസമയം, രാജ്യത്ത് ഉഷ്ണതരംഗം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. തമിഴ്നാട്ടിൽ പല ജില്ലകളും ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. പശ്ചിമബംഗാൾ, ഝാർഖണ്ഡ്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങി പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം ഉണ്ടാവാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
കേരളത്തിലും കനത്ത ചൂട് തുടരുകയാണ്. പാലക്കാട് ഉൾപ്പടെയുള്ള ജില്ലകളിൽ താപനില 41 ഡിഗ്രിയും കടന്ന് കുതിക്കുകയാണ്. വരും ദിവസങ്ങളിലും മറ്റ് സംസ്ഥാനങ്ങൾക്ക് സമാനമായി കേരളത്തിലും ചൂട് കൂടാൻ തന്നെയാണ് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.