സർക്കാറിന്റെ സമൂഹ വിവാഹത്തിന് ഗർഭപരിശോധന; നാലുപേർ ഗർഭിണികൾ, വിവാദം
text_fieldsദിൻദോരി: മധ്യപ്രദേശ് സർക്കാറിന്റെ സമൂഹ വിവാഹ പദ്ധതിയിൽ വിവാഹിതരാകുന്നവർക്ക് ഗർഭ പരിശോധന നടത്തിയത് വിവാദത്തിൽ. പരിശോധനയിൽ ചില പ്രതിശ്രുത വധുക്കൾ ഗർഭിണികളാണെന്ന് കണ്ടെത്തിയതോടെയാണ് വിവാദമായത്.
എന്ത് മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഗർഭപരിശോധന നടത്തിയതെന്ന് വിശദീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് ഓംകാർ സിങ് മർകം ആവശ്യപ്പെട്ടു. ഇത്തരം പരിശോധന ദരിദ്രരെ അവഹേളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രി കന്യ വിവാഹ് യോജന’ പദ്ധതിപ്രകാരം ദിൻദോരി ജില്ലയിലെ ഗദസരായി നഗരത്തിൽ ശനിയാഴ്ച 217 ദമ്പതികളുടെ വിവാഹമാണ് നിശ്ചയിച്ചിരുന്നതെന്ന് കലക്ടർ വികാസ് മിശ്ര പറഞ്ഞു.
സമൂഹ വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് അരിവാൾ രോഗമുണ്ടോ എന്ന് കണ്ടെത്താൻ പരിശോധനക്ക് നിർദേശിച്ചിരുന്നു. പരിശോധനക്കിടെ ചില യുവതികൾ തങ്ങൾക്ക് ആർത്തവ സംബന്ധമായ പ്രശ്നമുണ്ടെന്ന് പറഞ്ഞതോടെ ഇവർക്ക് ഗർഭ പരിശോധന നടത്താൻ നിർദേശിക്കുകയായിരുന്നുവെന്ന് കലക്ടർ കൂട്ടിച്ചേർത്തു.
ഗർഭ പരിശോധന നടത്താൻ സർക്കാർ നിർദേശിച്ചിരുന്നില്ല. പരിശോധനയിൽ ഗർഭിണികളാണെന്ന് കണ്ടെത്തിയ നാലു സ്ത്രീകളെ സമൂഹ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹവിവാഹത്തിൽ പങ്കെടുത്ത അർഹരായ ദമ്പതികൾക്ക് സർക്കാർ 56,000 രൂപ സഹായം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.