കാൽനടയായും ട്രക്കിലുമായി 900 കിലോമീറ്റർ താണ്ടി ഗർഭിണി; വഴിമധ്യേ പെൺകുഞ്ഞിന് ജന്മം നൽകി
text_fieldsപാട്ന: നോയിഡയിൽ നിന്ന് 900 കിലോമീറ്റർ കാൽനടയായും ട്രക്കിെൻറ പിറകിലും യാത്ര ചെയ്ത് ഉത്തർപ്രദേശ് -ബിഹാർ അതിർത്തിയിൽ എത്തിയ ഗർഭിണി പെൺകുഞ്ഞിന് ജന്മം നൽകി. ബിഹാറിലെ സുപോൾ ജില്ലയിലുള്ള ഗ്രാമത്തിെലത്താൻ കാൽനടയായും പല ട്രക്കുകളിൽ കയറിയും യാത്ര ചെയ്ത രേഖാ ദേവിയെന്ന 28 കാരിക്ക് വഴിമധ്യേ പ്രസവവേദന അനുഭവപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ കുടുംബത്തോടൊപ്പം യാത്ര തുടങ്ങിയ ഇവർ വ്യാഴാഴ്ച വൈകീട്ടോടെ ഗോപാൽഗഞ്ചിലെത്തി. പ്രസവവേദനയെ തുടർന്ന് വഴിയരികിൽ കുഴഞ്ഞുവീണ രേഖയെ ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് സന്ദീപ് സഹായം ആവശ്യപ്പെട്ടെങ്കിലും ആരും എത്തിയില്ല. പിന്നീട് പൊലീസിെൻറ സഹായത്തോടെ ആംബുലൻസിൽ ഗോപാൽഗഞ്ച് സർക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മണിക്കൂറിനുള്ളിൽ രേഖ പെൺകുഞ്ഞിന് ജന്മം നൽകി.
ലോക്ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടമായതോടെയാണ് 35 കാരനായ സന്ദീപും ഒമ്പതുമാസം ഗർഭിണിയായ രേഖയും മൂന്നു പെൺമക്കളുമടങ്ങുന്ന കുടുംബം കാൽനടയായി സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചത്. സുപോൾ ജില്ലയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് ഇവരുടെ വീട്.
കിലോമീറ്ററുകൾ നടന്ന ശേഷം തങ്ങൾക്ക് ട്രക്ക് ലഭിച്ചതായി സന്ദീപ് പറഞ്ഞു. ഗർഭിണിയായ രേഖയെ കണ്ട ട്രക്ക് ഡ്രൈവറെ തങ്ങളെ യു.പിയിലെ ബൽത്താരി ചെക്ക് പോയിൻറിന് സമീപത്ത് എത്തിച്ചതായും അവിടെ നിന്ന് ഗോപാൽ ഗഞ്ച് വരെ നടന്നതായും സന്ദീപ് പറഞ്ഞു. പത്ത് കിലോമീറ്ററിലധികം നടന്ന രേഖക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അവർ കുഴഞ്ഞ് റോഡരികിൽ ഇരിക്കുകയുമായിരുന്നു.
കോവിഡ് ആയിരിക്കാമെന്ന് സംശയിച്ച് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ രേഖയെ പ്രവേശിപ്പിക്കാൻ ആദ്യം വിസമ്മതിച്ചതായും സന്ദീപ് പറഞ്ഞു. പിന്നീട് ഗോപാൽഗഞ്ച് ഡി.എം അർഷാദ് അസീസുമായി ബന്ധപ്പെട്ട ശേഷമാണ് രേഖക്ക് ചികിത്സ നൽകിയത്. വെള്ളിയാഴ്ച വരെ വെൻറിലേറ്ററിലായിരുന്ന കുഞ്ഞ് സുഖം പ്രാപിച്ചു. അമ്മക്കും കുഞ്ഞിനും യാത്ര ചെയ്യാവുന്ന ഘട്ടമെത്തിയാൽ കുടുംബത്തെ സുപോളിലേക്ക് അയക്കാൻ വാഹനം ക്രമീകരിക്കുമെന്ന് ഗോപാൽഗഞ്ച് എസ്.പി മനോജ് കുമാർ തിവാരി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.