നാൻസി, റമദാനിൽ ഇതിൽപരമെന്ത് പുണ്യമാണ് നിനക്ക് ചെയ്യാനാകുക?- വ്രതശുദ്ധിയോടെ കോവിഡ് ഡ്യൂട്ടിയിലാണ് ഗർഭിണിയായ ഈ നഴ്സ്
text_fieldsസൂറത്ത്: മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുേമ്പാൾ ജാഗ്രതയിലും കരുതലിലുമാണ് കോവിഡ് മുന്നണി പോരാളികൾ. അർപണബോധമുള്ള നിസ്വാർഥ സേവനത്തിൽ തളരാതെ മുന്നേറുകയാണ് അവർ. ആ പോരാട്ടത്തിൽ തിളങ്ങുന്ന ഒരു അധ്യായം എഴുതിച്ചേർക്കുകയാണ് ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള നഴ്സായ നാൻസി ആയേഷ മിസ്ത്രി. നാല് മാസം ഗർഭിണിയായ നാൻസി തന്‍റെ അവശതകളും ആകുലതകളും മാറ്റിവെച്ചാണ് കോവിഡ് രോഗികളുെട പരിചരണത്തിനായി എത്തുന്നത്. അതും, റമദാൻ വ്രതത്തിന്‍റെ പുണ്യമേറ്റുവാങ്ങിക്കൊണ്ട്...
അടൽ കോവിഡ് 19 സെന്‍ററിന്‍റെ അൽതാൻ കമ്യൂണിറ്റി ഹാളിലാണ് നാൻസി സേവനമനുഷ്ഠിക്കുന്നത്. ദിവസവും എട്ട് മുതൽ പത്ത് മണിക്കൂർ വരെ അവർ ഇവിടെ കോവിഡ് രോഗികളെ പരിചരിക്കുന്നു. തനിക്ക് വൈറസ് ബാധയേറ്റാലുണ്ടാകുന്ന ഭവിഷ്യത്തുകൾ എല്ലാം അറിഞ്ഞിട്ടും എന്തിന് ഇത്ര റിസ്ക് എടുക്കുന്നു എന്ന ചോദ്യത്തിന് നാൻസിയുടെ മറുപടി ഇതാണ്
-'എന്‍റെയുള്ളിൽ ഒരു കുഞ്ഞ് വളരുന്നുണ്ട് എന്നെനിക്കറിയാം. പക്ഷേ, ഈ രോഗികളെ പരിചരിക്കുകയെന്നത് എന്‍റെ കടമയാണ്. വ്രതശുദ്ധിയുടെ ഈ നാളുകളിൽ രോഗികളെ പരിചരിക്കാൻ അവസരം ലഭിച്ചത് ദൈവാനുഗ്രഹമായാണ് കണക്കാക്കുന്നത്. ഇവരെ പരിചരിക്കുന്നതും ഒരു പ്രാർഥനയായാണ് ഞാൻ കാണുന്നത്. തിരിെക ഇവരുടെ പ്രാർഥനയും എനിക്ക് ഉണ്ട്. അതുകൊണ്ടുതന്നെ എനിക്കും കുഞ്ഞിനും ഒരു കുഴപ്പവും വരികയില്ല'.
കോവിഡ് വ്യാപനത്തിന്‍റെ ആദ്യ തരംഗത്തിലും ഇതേ കോവിഡ് സെന്‍ററിൽ ഡ്യൂട്ടിയിലായിരുന്നു നാൻസി. സമൂഹ മാധ്യമങ്ങളിലൂടെ നാൻസിയുടെ സേവനത്തിന്‍റെ വിവരമറിഞ്ഞ് നിരവധി പേരാണ് അഭിനന്ദനവുമായെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.