അവിഹിത സ്വത്ത്: താക്കറെ കുടുംബത്തിനെതിരെ അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കുടുംബവും അവിഹിതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രാഥമികാന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര സർക്കാർ.
കോവിഡ് കാലത്ത് കള്ളപ്പണം ഉപയോഗിച്ച് താക്കറെ കുടുംബം ബിനാമി സ്വത്ത് വാങ്ങിക്കൂട്ടിയതായി ആരോപിച്ചും സി.ബി.ഐ, എൻഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെട്ടും നഗരത്തിൽ പ്രിന്റിങ് ബിസിനസ് നടത്തുന്ന ഗൗരി ഭിഡെയും അവരുടെ പിതാവും നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കുന്ന ബോംബെ ഹൈകോടതിയെയാണ് സർക്കാർ വിവരമറിയിച്ചത്.
ഹരജിയിൽ വാദം പൂർത്തിയായതോടെ കോടതി വിധിപറയാൻ മാറ്റിവെച്ചു. കോവിഡ് കാലത്ത് പ്രിന്റിങ് ബിസിനസുകളെല്ലാം നിലച്ചിട്ടും താക്കറെ കുടുംബത്തിന്റെ 'സാമ്ന' 11.5 കോടി രൂപയുടെ ലാഭമുണ്ടാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഹരജി. താക്കറെ കുടുംബത്തിന്റെ അവിഹിത ഇടപാടിന്റെ വിവരങ്ങൾ ബി.ജെ.പി നേതാവ് കിരിത് സോമയ്യക്ക് അറിയാമെന്ന് കരുതുന്നതായും ഹരജിയിൽ പറയുന്നു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ഉത്തരവിടാനുള്ള അസാധാരണ സാഹചര്യമില്ലെന്നും ആരോപണത്തിൽ കഴമ്പില്ലെന്നുമാണ് താക്കറെ കുടുംബത്തിന്റെ അഭിഭാഷകർ വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.